തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ. കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്ക് പരിഹാരമായി ധനമന്ത്രി കെഎൻ ബാലഗോപാൽ സംസ്‌ഥാന ബജറ്റിൽ എന്ത് കരുതിവെക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി, ക്ഷേമപെൻഷൻ വർധിപ്പിക്കൽ തുടങ്ങി പ്രതീക്ഷകൾ ഏറെയാണ്.
ക്ഷേമപെൻഷൻ 2500 ആക്കി ഉയർത്തുമെന്ന് വാഗ്‌ദാനം ചെയ്‌ത് അധികാരത്തിലെത്തിയ സർക്കാർ, അവസാന സമ്പൂർണ ബജറ്റിലെങ്കിലും വാക്ക് പാലിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ, 100 രൂപ മുതൽ 200 രൂപവരെ ക്ഷേമപെൻഷൻ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പക്ഷേ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന് ഇക്കാര്യങ്ങൾ പൂർത്തിയാക്കാൻ നിരവധി ഉത്തരവാദിത്വങ്ങളുണ്ട്.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് പ്രഥമ പരിഗണന നൽകുമോ അതോ വിഴിഞ്ഞവും അടിസ്‌ഥാന സൗകര്യ വികസനത്തിനുമാകുമോ പ്രാധാന്യം നൽകുകയെന്നതുമാണ് പൊതുജനം ഉറ്റുനോക്കുന്നത്. കിഫ്‌ബി റോഡുകളിലെ യൂസർ ഫീയിൽ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല. ബജറ്റിൽ ഇതിൽ പ്രഖ്യാപനമുണ്ടാകുമോ എന്നതും അറിയേണ്ടതുണ്ട്.
ബജറ്റിന് മുന്നോടിയായി മദ്യവില ഉയർത്തിയിരുന്നു. ഇനി ബജറ്റിൽ ഉയർത്താൻ സാധ്യത കുറവാണ്. പ്രളയം, കിഫ്‌ബി മുതൽ, റോഡ് സുരക്ഷ സെസ് വരെ ആറ് സെസ്സുകൾ ഇപ്പോൾ പിരിക്കുന്നുണ്ട്. ഇതിന് പുറമെ കൂടുതൽ സെസ് വരുമോ എന്നതും പ്രധാനമാണ്. നികുതി സംബന്ധിച്ച കാര്യങ്ങളിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്