കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിലെ പ്രതി പ്രശാന്ത് മകനെയും കൊല്ലാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ ഇന്നലെയാണ് മുൻ ഭർത്താവ് പ്രശാന്ത് ആക്രമിച്ചത്.
ലഹരിക്കടിമയായ ഇയാൾ എട്ടുവർഷം മുൻപ് മൂത്ത മകനെയും പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നെന്നാണ് പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞത്. അന്ന് അയൽവാസികൾ ലൈറ്റർ തട്ടിത്തെറിപ്പിച്ചത് കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്നും പ്രബിഷയുടെ അമ്മ പറഞ്ഞു.
പ്രബിഷയ്ക്ക് നട്ടെല്ലിന് പരിക്കേറ്റത് പ്രശാന്തിന്റെ നിരന്തര മർദ്ദനത്തെ തുടർന്നാണെന്നും അമ്മ പറഞ്ഞു. ഇതിന്റെ ചികിൽസയ്ക്കായി ഇന്നലെ ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു പ്രശാന്തിന്റെ ആസിഡ് ആക്രമണം. ഇന്നലെ രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡൊഴിച്ചു.
ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പ്രതി പ്രശാന്ത് മേപ്പയ്യൂർ പോലീസിൽ കീഴടങ്ങുകയും ചെയ്തു. പ്രബിഷയും പ്രശാന്തും രണ്ടരവർഷം മുമ്പാണ് വിവാഹമോചിതരായത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി