തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക അംഗീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടികയാണ് അംഗീകരിച്ചത്.
ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത മൂന്ന് മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ ഭാഗങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.
കണ്ണൂർ റീജിയണൽ സയൻസ് ലബോറട്ടറിയിൽ നിന്നാണ് ആദ്യഘട്ടത്തിൽ ഡിഎൻഎ പരിശോധന നടത്തിയത്. 77 പേരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. കണ്ണൂർ ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹം/ ഭാഗങ്ങൾ സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിലേക്ക് പരിശോധനക്കയച്ചു.
അവിടെ നടത്തിയ പരിശോധനയിൽ ദുരന്തത്തിൽ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തിൽ മരിച്ച 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തിൽപെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്.
ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ ഇത്തരവിന്റെ അടിസ്‌ഥാനത്തിൽ വെള്ളരിമല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, മേപ്പാടി സ്‌റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയ്യാറാക്കിയ പട്ടികയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.
ലിസ്‌റ്റ് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന സംസ്‌ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഇവരെ ദുരന്തത്തിൽ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. പിന്നാലെ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കൾക്ക് നൽകും. ഇവരുടെ മരണം രജിസ്‌റ്റർ ചെയ്യാൻ വേണ്ട നടപടിക്രമങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം