തിരുവനന്തപുരം: സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ രാജ്ഭവനിൽ ഒരുക്കിയ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിരുന്നിൽ പങ്കെടുക്കുന്നില്ല. സർവകലാശാല വിഷയത്തിലടക്കം ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്‌കരണം.
വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും മന്ത്രിസഭയിൽ നിന്നും ആരും പങ്കെടുത്തില്ല. എന്നാൽ, സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പരിപാടിയിൽ പങ്കെടുത്തു. വിഭജന ഭീതി ദിനം ആചരിക്കാനുള്ള സർക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു.
രാജ്ഭവനിൽ മുൻപ് നടന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നത് സംബന്ധിച്ചും സർക്കാരും ഗവർണറും തമ്മിൽ രൂക്ഷമായ പോര് നടന്നിരുന്നു. താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് രാജ്ഭവനിലെ വിരുന്ന് സർക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സർക്കാർ അനുവദിച്ചത്. പൗരപ്രമുഖർക്കും വിശിഷ്‌ടാതിഥികൾക്കുമായാണ് ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ