തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽ നിന്നുള്ള ചിത്രം ‘തുടരും’ എന്ന അടിക്കുറിപ്പോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രിയുടെ പാർട്ടിയായ കേരളാ കോൺഗ്രസ് എം, ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പോസ്റ്റ്.
എന്നാൽ, ഫോട്ടോയിൽ ജോസ് കെ. മാണി ഇല്ലെന്നതാണ് ശ്രദ്ധേയം. സത്യഗ്രഹ പരിപാടിയിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. വിദേശത്ത് പോയതിനാലാണ് ജോസ് എത്താത്തതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രി കെ. രാജൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ധനമന്ത്രി കെഎൻ ബാലഗോപാൽ എന്നിവരെയും റോഷി പങ്കുവെച്ച ചിത്രത്തിൽ കാണാം.
ഈ ഫോട്ടോ അദ്ദേഹം ഫേസ്ബുക്ക് കവർ ഫോട്ടോയും ആക്കിയിട്ടുണ്ട്. ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറാൻ കേരളാ കോൺഗ്രസ് എമ്മിൽ ഉദ്വേഗ നീക്കങ്ങൾ നടക്കുന്നുവെന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തിയത്. റാന്നി എംഎൽഎ പ്രമോദ് നാരായണും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് എൽഡിഎഫ് യോഗങ്ങളിലും പങ്കെടുക്കാതിരുന്ന ജോസ് കെ മാണി ഇന്നലെ സത്യഗ്രഹത്തിനും വരാതിരുന്നതോടെ മുന്നണി ബന്ധം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന അഭ്യൂഹത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
ഫെബ്രുവരിയിൽ നടക്കുന്ന എൽഡിഎഫിന്റെ മേഖലാ ജാഥയിൽ മധ്യമേഖലയുടെ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് ജോസ് കെ മാണിയെയാണ്. എന്നാൽ, എൻ. ജയരാജിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഫെബ്രുവരി ആറിന് അങ്കമാലിയിൽ ആരംഭിച്ച് 13ന് ആറൻമുളയിൽ സമാപിക്കുന്ന തരത്തിലാണ് മധ്യമേഖലാ ജാഥ നിശ്ചയിച്ചിരിക്കുന്നത്.
എംവി ഗോവിന്ദനും ബിനോയ് വിശ്വവുമാണ് മറ്റു ജാഥകളെ നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കൂടി പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് എം ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തിപ്പെടും വിധമാണ് ജോസ് കെ മാണിയുടെ അസാന്നിധ്യം.
അതേസമയം, ജോസ് കെ മാനൈയേ യുഡിഎഫിലേക്ക് എത്തിക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. സോണിയാ ഗാന്ധിയും ജോസ് കെ മാണിയും തമ്മിൽ ഫോണിൽ സംസാരിച്ചതായും ഇതിന് ഇടനിലക്കാരനായത് കെസി വേണുഗോപാൽ ആണെന്നുമാണ് വിവരം. ലീഗിനും ജോസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവിൽ എതിർപ്പില്ല. എന്നാൽ, റോഷിക്കും പാർട്ടിയുടെ ചില എംഎൽമാർക്കും എൽഡിഎഫ് വിടുന്നതിനോട് താൽപര്യമില്ലെന്നാണ് സൂചന.
Most Read| സംസ്ഥാന സ്കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും







































