തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരിടവേളക്ക് ശേഷം കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കേരളത്തിൽ നിലവിൽ 1435 കോവിഡ് രോഗികളാണുള്ളത്. 8 മരണവും സ്‌ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് കേരളത്തിലാണ്.
പനി (ഇൻഫ്ളുവൻസ ലൈക്ക് ഇൽനെസ്-ഐഎൽഐ), ശ്വാസകോശ സംബന്ധമായ അസുഖം (സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്ഷൻ- എസ്എആർഐ) ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുള്ള എല്ലാവർക്കും കോവിഡ്-19 പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്‌തമാക്കുന്നത്.
റാപ്പിഡ് ആന്റിജൻ ടെസ്‌റ്റ് നടത്തി നെഗറ്റീവ് ആണെങ്കിൽ ആർടിപിസിആർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്‌ക് നിർബന്ധമാക്കി. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമൈക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലും വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിലും പൊതുപരിപാടികളിലും മാസ്‌ക് നിർബന്ധമാണ്. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കുകയും വേണം. ജില്ലകളിൽ ഏതെങ്കിലും മേഖലകളിൽ രോഗപ്പകർച്ച ഉണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും