തിരുവനന്തപുരം: റെക്കോർഡ് തുകയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ളൂ ടൈഗേഴ്സ്. അടുത്ത കേരള ക്രിക്കറ്റ് ലീഗ് സീസണിൽ സഞ്ജു കൊച്ചി ബ്ളൂ ടൈഗേഴ്സിൽ കളിക്കും. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന താരലേലത്തിൽ, 26.80 ലക്ഷമെന്ന റെക്കോർഡ് തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി സ്വന്തമാക്കിയത്.
മൂന്നുലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. സഞ്ജുവിനെ സ്വന്തമാക്കാൻ തുടക്കം മുതൽ കൊച്ചി രംഗത്തുണ്ടായിരുന്നു. തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും താരത്തിനായി മൽസരിച്ചതോടെ വില അതിവേഗം കൂടി.
അതേസമയം, പേസർ വിശ്വേശ്വർ സുരേഷിനെ ആരും വാങ്ങിയില്ല. മൂന്ന് ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ആലപ്പുഴ റിപ്പിൾസിൽ കളിച്ചിട്ടുണ്ട്. സിജോ മോൻ ജോസഫിനായി തൃശൂർ ടൈറ്റൻസും ഏരീസ് കൊല്ലം സെയ്ലേഴ്സും തമ്മിൽ പോരാട്ടം നടന്നു. മൂന്നുലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ 5.20 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കി.
ഓൾറൗണ്ടർ വിനൂപ് മനോഹരൻ അടിസ്ഥാന വിലയായ മൂന്നുലക്ഷം രൂപയ്ക്ക് കൊച്ചി ബ്ളൂ ടൈഗേഴ്സിൽ കളിക്കും. എംഎസ് അഖിലിന് ഇത്തവണയും വലിയ വില ലഭിച്ചു. 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സിൽ കളിക്കും. കഴിഞ്ഞ സീസണിലെ വിലയേറിയ താരമാണ് എംഎസ് അഖിൽ. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസിലാണ് കഴിഞ്ഞ സീസണിൽ അഖിൽ കളിച്ചത്.
ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന മൽസരം ഓഗസ്റ്റ് 21ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് തുടങ്ങുന്നത്. ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കറ്റ് ഗ്ളോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, കൊച്ചി ബ്ളൂ ടൈഗേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മൽസരിക്കുക.
Most Read| ചരിത്രം കുറിച്ച് ആസ്ത പൂനിയ; ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്