കൊച്ചി: റോഡുകളും പാതയോരങ്ങളും പൂർണമായി അടച്ചുകെട്ടിക്കൊണ്ട് പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ജില്ലാ പോലീസ് മേധാവികളോട് വീണ്ടും നിർദ്ദേശിച്ച് ഡിജിപിയുടെ സർക്കുലർ. വിവിധ തരത്തിലുള്ള ഉൽസവാഘോഷങ്ങളും മറ്റും നടത്തുമ്പോൾ റോഡ് പൂർണമായി അടയ്‌ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങൾ കടന്ന് പോകുന്നതിന് സൗകര്യമൊരുക്കുകയും വേണമെന്ന് സർക്കുലറിൽ പറയുന്നു.
വഴി അടച്ചുകെട്ടി വിവിധ പരിപാടികൾ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹരജികൾ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ സർക്കുലർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അതിനിടെ, ആശാ വർക്കർമാർ തിരുവനന്തപുരത്ത് റോഡും നടപ്പാതകളും കയ്യേറി സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്ന ഹരജി ഇക്കാര്യം പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് മാറ്റാൻ ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ, ജസ്‌റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു.
വഞ്ചിയൂർ, ബാലരാമപുരം, സെക്രട്ടറിയേറ്റിന് മുൻവശം, കൊച്ചിൻ കോർപറേഷന് മുൻവശം തുടങ്ങിയ സ്‌ഥലങ്ങളിൽ നടന്ന സിപിഎം, സിപിഐ, കോൺഗ്രസ് പരിപാടികൾ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തിരുന്നു. ഇതിന്റെ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് കഴിഞ്ഞ മാസമൊടുവിൽ ഡിജിപി പുതിയ സർക്കുലർ ഇറക്കിയതും ഈ മാസം അത് കോടതിയിൽ സമർപ്പിച്ചതും.
Most Read| കേരളത്തിലെ ഭൂമി തരം മാറ്റലിന് ചിലവേറും; ന്യായവിലയുടെ 10% ഫീസായി നൽകണം- സുപ്രീം കോടതി