തിരുവനന്തപുരം: എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുൻപ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യേക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സംസ്‌ഥാന പോലീസ് മേധാവി, സൈബർ സെൽ എന്നിവർക്ക് ഉടൻ പരാതി നൽകും.
പ്ളസ് വൺ, പ്ളസ് ടു ക്രിസ്‌മസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്‌സിഇആർടി വർക്ക്‌ഷോപ്പ് നടത്തിയാണ് നിശ്‌ചയിക്കുന്നത്. രണ്ടു സെറ്റ് ചോദ്യപേപ്പറാണ് തയ്യാറാക്കുക. അതിൽ ഒരു സെറ്റ് തിരഞ്ഞെടുത്ത് സംസ്‌ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസിൽ പ്രിന്റ് ചെയ്‌ത് അവർ തന്നെ 14 ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അവിടെ നിന്ന് പ്രിൻസിപ്പൽമാർ ഇവ ശേഖരിക്കും.
ഒന്നാം ക്ളാസ് മുതൽ ഏഴാം ക്ളാസുവരെ പരീക്ഷ പേപ്പർ എസ്എസ്‌കെ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് രണ്ട് സെറ്റ് തയ്യാറാക്കും. അതിൽ ഒന്ന് തിരഞ്ഞെടുത്ത് പ്രസിലേക്കും തുടർന്ന് പ്രിന്റ് ചെയ്‌ത് ബിആർസികളിലേക്കും വിതരണം ചെയ്യുന്നു. ഇതിനേക്കാൾ കർശനമായ രീതിയിലാണ് പൊതുപരീക്ഷകൾ നടക്കുന്നത്. ഹയർസെക്കണ്ടറി രണ്ടാം വർഷത്തിന് അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും എസ്എസ്എൽസിക്ക് നാല് സെറ്റ് ചോദ്യപേപ്പറുകളുമാണ് തയ്യാറാക്കുന്നത്.
സംസ്‌ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസിലാണ് പ്രിന്റ് ചെയ്യുന്നത്. എസ്എസ്എൽസി ചോദ്യപേപ്പറുകൾ ഡിഇഒ ഓഫീസിലേക്കും പ്ളസ് ടു ചോദ്യ പേപ്പറുകൾ പരീക്ഷാ സെന്ററുകളിലേക്കുമാണ് എത്തിക്കുന്നത്. ചോദ്യപേപ്പർ നിർമാണം, വിതരണം തുടങ്ങിയ മേഖലകളിലെല്ലാം അതീവ സുരക്ഷാ നടപടിക്രമങ്ങൾ കൈക്കൊള്ളാറുണ്ട്.
ഇപ്പോഴുണ്ടായിരിക്കുന്നത് അതീവ ഗൗരവമായിട്ടുള്ള സംഭവ വികാസമാണ്. ഇക്കാര്യത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. കുട്ടികളുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരുവിധ വിട്ടുവീഴ്‌ചകളും കൈക്കൊള്ളുകയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ക്രിസ്‌മസ് പരീക്ഷയുടെ ചില ചോദ്യപേപ്പറുകൾ ചോർന്നുവെന്ന് സ്‌ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. ”വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തും. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോർച്ച ഉണ്ടാകില്ല. യുട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടിയെടുക്കും.
അതീവ ഗൗരവത്തോടെയാണ് വകുപ്പ് ഈ വിഷയത്തെ കാണുന്നത്. സർക്കാരിന്റെ ശമ്പളം വാങ്ങി പ്രതിജ്‌ഞാബദ്ധമായി പ്രവർത്തിക്കേണ്ട ചില അധ്യാപകർ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാൽ വെച്ചുപൊറുപ്പിക്കില്ല. നാളെ ചേരുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. നന്നായി പഠിച്ച് വരുന്ന കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്”- മന്ത്രി പറഞ്ഞു.
Most Read| ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ പുറത്തേക്ക്; പാർലമെന്റ് ഇംപീച്ച് ചെയ്‌തു








































