ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെയും സഹായിയെയും പിടികൂടിയ കേസിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിയത് തായ്‌ലൻഡിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.
വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ മറികടന്ന് കഞ്ചാവ് എങ്ങനെ ഇന്ത്യയിൽ എത്തിച്ചുവെന്നും വിദേശത്തേക്ക് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുമാണ് ഇന്റലിജൻസ് വിഭാഗം പ്രധാനമായും പരിശോധിക്കുക. തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ വളർത്തുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്ന രാജ്യാന്തര സംഘങ്ങളിലേക്കാണ് ഇതോടെ അന്വേഷണം നീളുന്നത്.
രണ്ടുകോടിയോളം വിലവരുന്ന മൂന്ന് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുൽത്താന (ക്രിസ്‌റ്റീന-43), സഹായി കെ ഫിറോസ് (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഓമനപ്പുഴ ബീച്ചിന് സമീപമുള്ള റിസോർട്ടിൽ നിന്ന് എക്‌സൈസ് പിടികൂടിയത്. ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചു ഇവർ ലഹരിവിൽപ്പന നടത്തുന്നതായി രണ്ടുമാസം മുമ്പാണ് എക്‌സൈസിന് വിവരം ലഭിച്ചത്.
ഇതോടെ ഇവർ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്നായിരുന്നു വിവരം. കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്ന് മനസിലാക്കിയ എക്‌സൈസ്, ഇവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ശക്‌തമാക്കുകയായിരുന്നു.
ക്രിസ്‌റ്റീനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ചലച്ചിത്ര താരങ്ങളുടെയും മറ്റും നമ്പറുകൾ കണ്ടത്. ഇവരുമായി പരിചയമുണ്ടെന്നും ഇതിൽ മൂന്നുപേർക്ക് കഞ്ചാവ് നൽകുന്നുണ്ടെന്നും യുവതി പറഞ്ഞു. സിനിമ തിരക്കഥാകൃത്ത് എന്ന പേരിലാണ് ക്രിസ്‌റ്റീന റിസോർട്ടുകളിൽ റൂമുകൾ ബുക്ക് ചെയ്യുന്നത്. കഞ്ചാവ് തായ്‌ലൻഡിൽ നിന്ന് ബെംഗളൂരു വഴി കേരളത്തിൽ എത്തിച്ചതാണെന്നാണ് പ്രതികളുടെ മൊഴി.
പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുമ്പായി പരമാവധി വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘത്തിന് കൈമാറാനാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ ശ്രമം. പ്രതികളുടെ മൊബൈൽ ഫോണിലെ വാട്‍സ് ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്‌ത നിലയിലാണ്. ഫോൺ അടുത്ത ദിവസം ഫൊറൻസിക് പരിശോധനയ്‌ക്ക് അയക്കും.
കഴിഞ്ഞ മാസം, 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കിൽ നിന്നെത്തിയ രണ്ട് യുവതികളെ കൊച്ചി വിമാനത്താവളത്തിൽ കസ്‌റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. ജയ്‌പൂർ സ്വദേശി മൻവി ചൗധരി, ഡെൽഹി സ്വദേശി ചിബെറ്റ് സ്വാന്തി എന്നിവരാണ് പിടിയിലായത്. രാജ്യമെങ്ങും വ്യാപിച്ച് കിടക്കുന്ന വിപുലമായ വിതരണ ശൃംഖല ഹൈബ്രിഡ് കഞ്ചാവ് സംഘത്തിനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാട്ടുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!