തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്‌ഥാനത്ത് താൽക്കാലികമായി മരവിപ്പിച്ചതായി കേന്ദ്രത്തിന് കത്ത് നൽകി സർക്കാർ. കത്ത് വൈകുന്നതിൽ അതൃപ്‌തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സർക്കാർ കത്തയച്ചത്.
പദ്ധതിയെക്കുറിച്ച് പഠിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാൻ തീരുമാനിച്ചുവെന്നും സമിതിയുടെ റിപ്പോർട് വരുന്നതുവരെ പദ്ധതി സംസ്‌ഥാനത്ത് നടപ്പാക്കാൻ കഴിയില്ലെന്നും കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. അതേസമയം, ഒപ്പിട്ട ധാരണാ പത്രത്തിൽ നിന്ന് പിൻമാറാൻ സംസ്‌ഥാന സർക്കാരിന് കഴിയുമോ എന്ന കാര്യത്തിലാണ് ആശങ്ക.
പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ 92 കോടി രൂപ കേന്ദ്രം കേരളത്തിന് നൽകിയിരുന്നു. ബാക്കി തുക കൂടി അടുത്തുതന്നെ ലഭിക്കാനിരിക്കെയാണ് ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത്. പദ്ധതി മരവിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിട്ടും കത്തയക്കാൻ വൈകുന്നതിൽ സിപിഐ ശക്‌തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് കത്തയച്ചത്.
കഴിഞ്ഞമാസം മന്ത്രിസഭയിലും എൽഡിഎഫിലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ഡെൽഹിയിലെത്തി കരാർ ഒപ്പിട്ടത് വൻ വിവാദമായിരുന്നു. വിഷയത്തിൽ സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾ ശക്‌തമായ പ്രതിഷേധം ഉയർത്തിയതോടെ വിഷയം ദേശീയതലത്തിൽ തന്നെ ചർച്ചയായി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ എന്നും ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കാൻ പാടില്ലെന്നുമുള്ള നിലപാടാണ് സിപിഐ സ്വീകരിച്ചത്.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും







































