തിരുവനന്തപുരം: കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ ഉന്നയിച്ച അവകാശവാദം നിഷേധിച്ച് സംസ്‌ഥാന സർക്കാർ. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെന്നും അവകാശമാണെന്നും സർക്കാർ വിമർശിച്ചു. നികുതി വിഹിതം കുറഞ്ഞെന്ന് ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കി.
നികുതി വിഹിത ശതമാനം കണക്കാക്കിയതിൽ കേന്ദ്രം കേരളത്തോട് നീതികേട് കാണിച്ചുവെന്ന് സർക്കാർ കുറ്റപ്പെടുത്തി. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ഗ്രാന്റ് കണക്കുകൾ പെരുപ്പിച്ചു കാട്ടിയതാണ്. ജിഎസ്‌ടി നഷ്‌ടപരിഹാര തുകയും കേന്ദ്രമന്ത്രി ഗ്രാന്റിൽ ഉൾപ്പെടുത്തി. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു.
യുപിഎ കാലത്തേക്കാൾ 224 ശതമാനം അധിക നികുതി വിഹിതം കേരളത്തിന് മോദി സർക്കാർ നൽകുന്നുണ്ടെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവകാശവാദം ഉന്നയിച്ചിരുന്നത്. കേരളത്തിന് കഴിഞ്ഞ പത്ത് വർഷം നൽകിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്കെന്ന പേരിലാണ് പാർലമെന്റിൽ ധനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
യുപിഎയുടെ പത്ത് കൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോൾ, 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നൽകിയെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടി ആയിരുന്നെങ്കിൽ എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വർധിച്ചെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, കണക്കുകളിൽ കൃത്രിമം ഉണ്ടെന്നാണ് കേരളം കുറ്റപ്പെടുത്തുന്നത്.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും