കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് അഴിമതി കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റാൻ സർക്കാർ നീക്കം. കേസ് അന്വേഷിക്കുന്ന എസ്‌പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്‌ഥനായി നിലനിർത്താമെന്ന് ഹൈക്കോടതിക്ക് നൽകിയ ഉറപ്പിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോകുന്നത്.
വിജിലൻസിൽ നിന്ന് സ്‌ഥലം മാറി പോകുന്നുണ്ടെങ്കിലും ശശിധരൻ തന്നെ മൈക്രോഫിനാൻസ് കേസ് അന്വേഷിക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരിക്കുന്നത്. അങ്ങനെയൊരു ഉത്തരവിറക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ, എസ്‌പി അന്വേഷിച്ചിരുന്ന കേസ് ഡിഐജി തലത്തിലുള്ള ഉദ്യോഗസ്‌ഥനെ ഏൽപ്പിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി നൽകിയിരിക്കുന്ന വിശദീകരണം.
മൈക്രോഫിനാൻസ് കേസിൽ സർക്കാർ ഫണ്ടിന്റെ ദുരുപയോഗമാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഒക്‌ടോബറിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി സമയപരിധി നിശ്‌ചയിച്ച് നൽകുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് പുതിയ അന്വേഷണ ഉദ്യോഗസ്‌ഥനെ നിയമിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഡിഐജിയായ കെ. കാർത്തിക്കിന് അന്വേഷണ ചുമതല നൽകാമെന്നും സംസ്‌ഥാന തലത്തിൽ വിശദമായി അന്വേഷണം നടത്താൻ ഇത് സഹായിക്കുമെന്നും സർക്കാർ വിശദീകരിക്കുന്നു. എന്നാൽ, പുതിയ അന്വേഷണ ഉദ്യോഗസ്‌ഥനെ കേസ് ഏൽപ്പിക്കുമ്പോൾ സ്വാഭാവികമായും അന്വേഷണം കൂടുതൽ നീണ്ടുപോകാൻ സാധ്യതയുണ്ട്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ