തിരുവനന്തപുരം: എതിർപ്പ് മറികടന്ന് കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ച സംസ്‌ഥാന സർക്കാർ നടപടിയിൽ കടുത്ത അമർഷവുമായി സിപിഐ. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും.
എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പ്രതിഷേധം കണക്കിലെടുക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാന്നെന്നാണ് സിപിഐയുടെ പൊതുവികാരം.
മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാനിടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിശദീകരിക്കാനാണ് സാധ്യത. എൻഇപി നടപ്പാക്കില്ലെന്ന് ആവർത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ കടുത്ത പ്രതിഷേധം നടത്താൻ എഐഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്. സർക്കാർ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തുറന്നടിച്ചത്. തെരുവിൽ സമരം നടത്തുമെന്നാണ് അറിയിപ്പ്. ഇന്ന് വ്യാപക പ്രതിഷേധത്തിന് എംഎസ്എഫും ആഹ്വാനം ചെയ്‌തിട്ടുണ്ട്.
സിപിഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെയാണ് കേരളം പിഎം ശ്രീയിൽ ഒപ്പിട്ടത്. ഇന്നലെയാണ് കേന്ദ്രവും സംസ്‌ഥാനവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടത്. സംസ്‌ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവെച്ച 1500 കോടിയുടെ എസ്‌എഫ്‌കെ (സമഗ്ര ശിക്ഷ കേരളം) ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സിപിഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്








































