കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ നാളെ പരിഗണിക്കും. രണ്ടംഗ പ്രത്യേക ഡിവിഷൻ ബെഞ്ചായിരിക്കും നാളെ രാവിലെ 10.15ന് ഹരജികൾ പരിഗണിക്കുക. ജസ്‌റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, സിഎസ് സുധ എന്നിവർ ഉൾപ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ച് ആറ് ഹരജികളാണ് നാളെ പരിഗണിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ ഹൈക്കോടതിക്ക് കൈമാറിയിരുന്നു. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹരജി നേരത്തെ കോടതി പരിഗണിച്ചിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.
റിപ്പോർട്ടിന്റെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി നൽകിയ ഹരജി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജികൾ എന്നിവയുടെ കോടതിയുടെ പരിഗണനയിലുണ്ട്. ഈ മാസം ഒമ്പതിന് മുൻപ് റിപ്പോർട് കൈമാറണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴി പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവ ഉൾപ്പെടെയാണ് കോടതിക്ക് കൈമാറിയത്. ഓഗസ്‌റ്റ് 22നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്നും സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. നടപടി എടുത്തില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് ഉൾപ്പടെയുള്ളവ പാഴ്‌വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി