കൊച്ചി: ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ, സംസ്ഥാനത്തെ നാട്ടാനകളുടെ സെൻസസ് നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. ആനകളുടെ നിലവിലെ സ്ഥിതി, ഉടമസ്ഥൻ, ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഉണ്ടോ. ഉടമസ്ഥത എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്.
ഇതിനായി ജില്ലാ കളക്ടർ, സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലെ ഓരോ ജില്ലയിലേയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവരെയാണ് സെൻസസിന് നിയോഗിച്ചിരിക്കുന്നത്. ഇവർ സമർപ്പിക്കുന്ന റിപ്പോർട് ഏകീകരിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഹൈക്കോടതി സമർപ്പിക്കാനുമാണ് ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ചിന്റെ നിർദ്ദേശം.
കേരളത്തിലുള്ള 349 നാട്ടാനകളിൽ 225 എണ്ണത്തിന് മാത്രമാണ് ഉടമസ്ഥത സർട്ടിഫിക്കറ്റ് ഉള്ളതെന്നാണ് വിവരം. 124 എണ്ണത്തിന് സർട്ടിഫിക്കറ്റില്ല. അതുകൊണ്ടുതന്നെ ഏത് വിധത്തിലാണ് ആനകളുടെ ഉടമസ്ഥാവകാശം ആനകളെ കൈവശം വെച്ചിരിക്കുന്നവർക്ക് ലഭിച്ചത് എന്നറിയേണ്ടതുണ്ട്. സെൻസസിലൂടെ ആനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ആനകളുടെ പ്രായം കണക്കാക്കുന്നത് സംബന്ധിച്ച് വിദഗ്ധരായ ഡോ. ഈസ, ആനന്ദ് കുമാർ എന്നിവരിൽ നിന്ന് കോടതി അഭിപ്രായം തേടി. ആനകൾ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ വരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ആന വന്യമൃഗമാണ്. ഇതിനെ പിടികൂടാനും സൂക്ഷിക്കാനും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വേണം.
തുടർന്ന് ഈ വന്യമൃഗങ്ങളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും കൈമാറ്റം ചെയ്യുന്ന ആൾക്ക് ആനയ്ക്കൊപ്പം നൽകണം. ഉടമസ്ഥത മാറുമ്പോൾ പുതിയ ഉടമസ്ഥന്റെ പേരിൽ സർട്ടിഫിക്കറ്റ് വേണമെന്നും കോടതി വിശദമാക്കി. ആനകളുടെ ഉടമസ്ഥതയുടെ കാര്യത്തിൽ തീരുമാനമായ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ