ന്യൂഡെൽഹി: ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ നിർമാതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നു. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പിവി. ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
ഹരജി നിലനിൽക്കില്ലെന്നും കേരളത്തെ മോശമായി കാണിക്കുന്നതൊന്നും ചിത്രത്തിലില്ലെന്നും നിർമാതാക്കൾ കോടതിയിൽ പറഞ്ഞു. സാമൂഹിക വിപത്തിനെ തുറന്നു കാട്ടുന്നതാണ് ചിത്രമെന്നും അതിന്റെ പേരിൽ ഏതെങ്കിലും മതത്തെ മോശമായി കണക്കാക്കാനാവില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
കേരളത്തിലെ ഒരു മതത്തിലെ കുറച്ചുപേർ നടത്തുന്ന സാമൂഹിക വിപത്തിനെയാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്ത് കാണിച്ചത്. ഇപ്പോൾ മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും ഇത് വ്യാപിച്ചു എന്നാണ് രണ്ടാം ഭാഗത്ത് കാണിക്കുന്നതെന്നും നിർമാതാക്കൾ വാദിച്ചു.
ദ കേരള സ്റ്റോറി 2വിന്റെ റിലീസ് ഹൈക്കോടതി രാവിലെ ഹൈക്കോടതി 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. ‘കേരള സ്റ്റോറി’ എന്ന തലക്കെട്ടിൽ വാസ്തവ വിരുദ്ധത ഉണ്ടെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇത് മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക


































