ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ വധുവിനെ വരൻ ആശുപത്രിയിലെത്തി താലികെട്ടി. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയുമാണ് ആശുപത്രി കിടക്കയിൽവെച്ച് ഇന്ന് വിവാഹിതരായത്. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്.
എന്നാൽ, വിവാഹത്തിന് മണിക്കൂറുകൾക്ക് മാത്രം മുൻപ് വിധി ഇവരുടെ ജീവിതത്തിൽ താണ്ഡവമാടി. തണ്ണീർമുക്കത്ത് ബ്യൂട്ടീഷന്റെ അടുത്ത് പോയി മടങ്ങും വഴി ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആവണിയെ കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശക്തി ഓഡിറ്റോറിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. വിവാഹത്തിന് എത്തിയവരെല്ലാം ഞെട്ടലോടെയാണ് അപകടവിവരം അറിഞ്ഞത്. ഇതോടെ ബന്ധുക്കളെല്ലാം ആശുപത്രിയിലേക്ക് പാഞ്ഞു. ആവണിയുടെ ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശുപത്രിയിൽ വെച്ച് താലികെട്ടൽ നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചു.
അങ്ങനെ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രിയിലുള്ളവരെ സാക്ഷിയാക്കി ഷാരോൺ ആവണിയെ താലികെട്ടി ജീവിത സഖിയാക്കി. ഓഡിറ്റോറിയത്തിൽ സദ്യയും വിളമ്പി. ആവണിക്ക് നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും. ആവണിയുടെ കൂടെ ഉണ്ടായിരുന്ന മൂന്നുപേർക്കും പരിക്കേറ്റു. ഇവർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. എല്ലാവരും ഉടൻ സുഖം പ്രാപിക്കട്ടെ എന്നാണ് ഏവരുടെയും പ്രാർഥന.
Most Read| ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി








































