തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്‌ഞാപനം നാളെ. രാവിലെ 11 മണിമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. അന്നേ ദിവസം വൈകീട്ട് മൂന്നുവരെ പത്രിക സ്വീകരിക്കും. സൂക്ഷ്‌മപരിശോധന 22ന്. പത്രിക 24 വരെ പിൻവലിക്കാം.
സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബർ 9,11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. സംസ്‌ഥാനത്ത് ആകെ 1200 തദ്ദേശ സ്‌ഥാപനങ്ങളാണ് ഉള്ളത്. 23,612 വാർഡുകളും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 11നുമാണ് തിരഞ്ഞെടുപ്പ്.
മട്ടന്നൂർ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂരിലെ ഭരണ കാലാവധി അവസാനിക്കുന്നത് 2027ലാണ്. പുതിയ വാർഡുകൾക്ക് അനുസരിച്ച് പുതുക്കിയ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 2,48,30,761 വോട്ടർമാരുണ്ട്. 1,34,12,470 പുരുഷൻമാരും 1,50,1810 സ്‌ത്രീകളുമാണ്. 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ട്. 2841 പ്രവാസി വോട്ടർമാരും.
941 ഗ്രാമപഞ്ചാത്തുകളിലെ 17,331 വാർഡുകൾ, 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3205 വാർഡുകൾ, ആറ് കോർപറേഷനുകളിലെ 421 വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. തീയതി പ്രഖ്യാപിച്ചതോടെ രാഷ്‌ട്രീയ പാർട്ടികൾ സീറ്റ് വിഭജന ചർച്ചകളും സ്‌ഥാനാർഥി പ്രഖ്യാപനങ്ങളും ഊർജിതമാക്കി.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































