തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശചിത്രം വ്യക്‌തം. കൂറുമാറ്റവും മുന്നണിമാറ്റവും വിചിത്ര കൂട്ടുകെട്ടുകളും കൈയ്യബദ്ധങ്ങളും കണ്ട തിരഞ്ഞെടുപ്പിനൊടുവിൽ 941-ൽ 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പം ചേർന്നു.
ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകൾകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. എൻഡിഎയ്‌ക്ക് 30 എണ്ണം. സ്വതന്ത്രരും മറ്റുകക്ഷികളും എട്ട് പഞ്ചായത്തുകളിൽ അധികാരത്തിലെത്തി. തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എട്ട് കോൺഗ്രസ് അംഗങ്ങൾ കൂട്ടമായി പാർട്ടിയിൽ നിന്ന് രാജിവെച്ചു.
രാജിവയ്‌ക്കുന്നു എന്ന് കാട്ടി ഡിസിസി അധ്യക്ഷന് കത്ത് നൽകിയ ഇവർ പിന്നീട് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര അംഗത്തെ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ജയിപ്പിച്ചു. ഇത് വലിയ വിവാദമായിരുന്നു. ഇവിടെ എൽഡിഎഫ്-10, യുഡിഎഫ്-എട്ട്, എൻഡിഎ-നാല്, യുഡിഎഫ് വിമതർ-രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽഡിഎഫ് ഭരണത്തിലെത്താതിരിക്കാൻ രാജിവെച്ച കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി കൈകോർക്കുകയായിരുന്നു.
എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് നടന്നില്ല. ട്വിന്റി20യും സിപിഎമ്മും വിട്ടുനിന്നു. കോറം തികയാത്തതിനാൽ മാറ്റിവെച്ച തിരഞ്ഞെടുപ്പ് തിങ്കളാഴ്‌ച നടത്തും.
തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തുകളിൽ എസ്‌ഡിപിഐ പിന്തുണയിൽ പ്രസിഡണ്ടായ കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചു. തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലും എസ്‌ഡിപിഐ പിന്തുണയിൽ പ്രസിഡണ്ടായ കോൺഗ്രസ് അംഗത്തോട് രാജിവെക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































