കോഴിക്കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുനബി (സ്വ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തിൽ നടത്തുന്ന മീലാദ് ക്യാംപയിന് തുടക്കമായി. ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ക്യാംപയിൻ സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബി(സ്വ)യുടെ വിശിഷ്ട വ്യക്തിത്വം എക്കാലത്തും മാതൃകയാണെന്നും ബഹുസ്വര സമൂഹത്തിൽ ഇത് പിൻതുടർന്ന് സൗഹാർദത്തോടെ ജീവിക്കണമെന്നും അദ്ദേഹം ഉദ്ഘോഷിച്ചു.
യൂണിററ് മുതൽ സംസ്ഥാന തലം വരെ വിവിധ പരിപാടികളാണ് ക്യാംപയിന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്നത്. നബിയുടെ വ്യക്തിത്വത്തിന്റെ വിവിധ മുഖങ്ങൾ സമൂഹത്തിന് അനാവരണം ചെയ്യുന്നതിനായി ഓൺലൈൻ വെബിനാറുകൾ, ക്വിസ് പ്രോഗ്രാമുകൾ, ചർച്ചാ വേദികൾ, ബുക് ടെസ്റ്റ് തുടങ്ങി വിവിധ പരിപാടികൾ പ്രസ്ഥാനത്തിനകത്തെ വിവിധ ഘടകങ്ങൾക്കു കീഴിലാണ് നടക്കുക; സംഘാടകർ വ്യക്തമാക്കി.
ഉൽഘാടന പരിപാടിയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. പ്രമുഖ പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്ര പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി.മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു – മീഡിയ മിഷൻ, ഓൺലൈൻ മദ്രസ മീഡിയ എന്നീ യൂട്യൂബ് ചാനലുകൾ വഴി ആയിരങ്ങളാണ് ഉദ്ഘാടന പരിപാടി തൽസമയം വീക്ഷിച്ചത്; സംഘാടകർ കൂട്ടിച്ചേർത്തു.
Read Related: മൃതദേഹ സംസ്കരണം; പ്രോട്ടോകോളിൽ ഇളവനുവദിക്കണം, കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു





































