തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമർഥവും തന്ത്രപരവുമായ ലോക്ക്ഡൗൺ നടപടികളിൽ ഊന്നൽ നൽകണമെന്ന് വ്യക്‌തമാക്കി കേന്ദ്രം. കേരളത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ആശങ്ക വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കൂടാതെ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ വർധിക്കാൻ കാരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോപണം ഉന്നയിച്ചു.
സംസ്‌ഥാനത്ത് കോവിഡ് ബാധിതരാകുന്നവരിൽ 85 ശതമാനം ആളുകളും കഴിയുന്നത് വീടുകളിൽ തന്നെയാണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കോവിഡ് രോഗികള്‍ വീടുകളില്‍ രോഗമുക്‌തി നേടുന്നത്. ഇക്കാരണത്താലാണ് കേരളത്തിന് വൈറസ് വ്യാപനം തടയാന്‍ സാധിക്കാത്തതെന്നും കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ പ്രതിദിന രോഗബാധ തടയുന്നതിനായി നടപടികൾ ഊർജിതമാക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ 14നും 19നും ഇടയിലാണ് കേരളത്തിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ അയൽ സംസ്‌ഥാനങ്ങളിലേക്ക് പോലും രോഗവ്യാപന സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കുന്നു. അതിനാൽ കണ്ടെയ്ൻമെന്റ് സോണുകളില്‍ അടിയന്തരമായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും, വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കണമെന്നും കേന്ദ്രം അറിയിച്ചു.
Read also: സർ, മാഡം വിളികൾ ഒഴിവാക്കി; വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി