തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാർക്കെതിരെ കനത്ത നടപടിയുണ്ടായേക്കും. എസ്‌ഐ അടക്കം നാല് പോലീസുകാർ സ്‌റ്റേഷനിൽ വെച്ച് തല്ലിച്ചതച്ച സംഭവത്തിൽ കടുത്ത നടപടി വേണമെന്ന് പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ വ്യക്‌തമാക്കി.
മർദ്ദിച്ചവരെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും. തുടർനടപടികൾക്ക് നിയമസാധുത പരിശോധിക്കാൻ ഉത്തരമേഖലാ ഐജിക്ക് ഡിജിപി നിർദ്ദേശം നൽകി. മർദ്ദനം അംഗീകരിക്കാൻ കഴിയില്ലെന്ന് ഡിജിപി ഉദ്യോഗസ്‌ഥരെ അറിയിച്ചു. സുജിത്തിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് പോലീസ് സേനയ്‌ക്കാകെ മാനക്കേട് ഉണ്ടാക്കിയെന്ന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് തുടർനടപടിക്കുള്ള നീക്കം.
ഇൻക്രിമെന്റ് തടയൽ ഉൾപ്പടെയുള്ള നടപടികൾ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ സ്വീകരിച്ചിട്ടുണ്ടെന്നും ഒരുതവണ നടപടി എടുത്ത സംഭവത്തിന് വീണ്ടും നടപടി എടുക്കാൻ കഴിയില്ലെന്നുമുള്ള ന്യായമാണ് പോലീസ് ഉയർത്തുന്നത്. അതേസമയം, വിഷയത്തിൽ അതിശക്‌തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്.
പോലീസിന്റെ അതിക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ രണ്ടര വർഷത്തിന് ശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്. 2023 ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. കുന്നകുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവം. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് വിഎസ് സുജിത്തിനാണ് മർദ്ദനമേറ്റത്.
സംഭവത്തിൽ എസ്‌ഐ ഉൾപ്പടെ നാല് പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വന്നൂർ വഴിയരികിൽ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ കാരണമായി പോലീസുകാർ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂര മർദ്ദനത്തിനിടയാക്കിയത്. സ്‌റ്റേഷനിൽ വെച്ച് എസ്‌ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് സുജിത്തിനെ ദേഹോപദ്രവം ഏൽപ്പിച്ചത്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി