മലപ്പുറം: താനൂരിലെ പ്ളസ് ടു വിദ്യാർഥിനികളെ നാടുവിടാൻ സഹായിച്ച യുവാവ് പിടിയിൽ. എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം ആണ് അറസ്‌റ്റിലായത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. പെൺകുട്ടികളുടെ സുഹൃത്താണ് റഹിം. ഇയാൾ ഇൻസ്‌റ്റഗ്രാം വഴിയാണ് പെൺകുട്ടികളുമായി പരിചയത്തിലായത്.
വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടത് കൊണ്ടാണ് റഹിം അസ്‌ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബം പറഞ്ഞിരുന്നത്. വീട്ടിൽ ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു.
കുട്ടിയുടെ ദുരവസ്‌ഥ കണ്ടാണ് റഹിം കൂടെ പോയതെന്നുമാണ് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്. റഹീമിനെ അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്യും. അതേസമയം, വിദ്യാർഥിനികളെ മുംബൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. താനൂരിൽ നിന്നുള്ള പോലീസ് സംഘം പെൺകുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ട് ആറോടെ ഗരീബ്‌രഥ് എക്‌സ്‌പ്രസിൽ പൻവേലിൽ നിന്ന് യാത്ര തിരിച്ചിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് 12ന് തിരൂരിലെത്തും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗൺസിലിങ്ങും നൽകും. പെൺകുട്ടികൾ നാടുവിടാൻ കാരണമെന്തെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ അടുത്ത ലക്ഷ്യം. താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരാണ് നാടുവിട്ടുപോയത്.
ബുധനാഴ്‌ച പരീക്ഷയ്‌ക്കായി വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. അശ്വതിയും ഫാത്തിമയും പരീക്ഷയ്‌ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകരാണ് വീട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കിടെ മുംബൈ- ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ഇന്നലെ പുലർച്ചെ ഒന്നേമുക്കാലിന് ലോനാവാലയിൽ വെച്ച് റെയിൽവേ പോലീസാണ് കണ്ടെത്തിയത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ