തിരുവനന്തപുരം: ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കോസിന് പാർട്ടി അംഗത്വം നൽകി. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്ന റെജി ലൂക്കോസ് ഇന്ന് രാവിലെയാണ് ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ കുറച്ചുകാലമായി സിപിഎം കേരളത്തിൽ വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ റെജി ലൂക്കോസ് പറഞ്ഞു. സിപിഎമ്മിന്റെ നയവ്യതിയാനം ദുഃഖിപ്പിച്ചെന്നും വികസന ആശയങ്ങളാണ് ബിജെപിയിലേക്ക് തന്നെ ആകർഷിച്ചതെന്നും റെജി ലൂക്കോസ് വ്യക്‌തമാക്കി.
കേരളത്തിലെ നിലവിലെ സ്‌ഥിതിയിൽ രാഷ്‌ട്രീയ യുദ്ധത്തിനല്ല സാധ്യത. പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ നാട് വലിയ പ്രതിസന്ധി നേരിടേണ്ടി വരും. കേരളത്തിലെ രാഷ്‌ട്രീയത്തിൽ എന്നും യുദ്ധ പ്രഖ്യാപനങ്ങളാണ്. പുതിയ തലമുറ അത് ആഗ്രഹിക്കുന്നില്ല. ഇങ്ങനെ പോയാൽ കേരളം പിറകോട്ട് പോകും.
മാറ്റത്തിനൊപ്പം സഞ്ചരിക്കുക എന്ന മാനസികമായ മാറ്റം ഉൾക്കൊണ്ടാണ് ബിജെപിയിൽ ചേർന്നത്. ശരിയെന്ന് തോന്നിയപ്പോൾ പെട്ടെന്ന് അതിലേക്ക് മാറി. സിപിഎമ്മിൽ അംഗത്വം എടുത്തിട്ട് ഏഴുവർഷമേ ആയിട്ടുള്ളൂ. ജീവിതംകൊണ്ട് സെക്കുലറായിട്ട് ജീവിക്കുന്ന ആളാണ് ഞാൻ. ബിജെപിയിൽ ആയിരിക്കുമ്പോഴും അങ്ങനെ തന്നെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































