തിരുവനന്തപുരം: പേവിഷബാധ സ്‌ഥിരീകരിച്ച ഏഴുവയസുകാരി ചികിൽസയിലിരിക്കെ മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്‌മിൻ മൻസിലിൽ നിയ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു. തെരുവുനായ കടിച്ചതിന് ആദ്യ മൂന്ന് ഡോസ് പ്രതിരോധ വാക്‌സിനും കുട്ടി എടുത്തിരുന്നു.
ഏപ്രിൽ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിയയ്‌ക്ക് നായയുടെ കടിയേറ്റത്. മുറ്റത്തെ താറാവിനെ ലക്ഷ്യമിട്ട് വന്നതായിരുന്നു നായ. താറാവിനെ രക്ഷിക്കാൻ കുട്ടി അടുത്തേക്ക് ഓടി വന്നതോടെ കൈമുട്ടിന് കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ വീടിനടുത്തുള്ള വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.
തുടർന്ന് ഏപ്രിൽ 11,15 തീയതികളിലായി രണ്ടും മൂന്നും ഡോസ് കത്തുവെപ്പും എടുത്തു. അവസാന ഡോസ് മേയ് ആറിന് എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. കടിയേറ്റ കൈമുട്ടിന്റെ ഭാഗത്ത് വേദനയും അനുഭവപ്പെട്ടു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും വിദഗ്‌ധ ചികിൽസയ്‌ക്കായി തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്‌തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. സംഭവത്തിൽ പബ്ളിക് ഹെൽത്ത് ഡയറക്‌ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ, ഒരു മാസത്തിനിടെ വാക്‌സിൻ എടുത്ത ശേഷവും രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
ഏപ്രിൽ ഒമ്പതിന് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്‌മിയും (13), ഏപ്രിൽ 29ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയാ ഫാരിസും (6) മരിച്ചിരുന്നു. ഡിസംബറിൽ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവയ്‌പ്പെടുത്ത ഭാഗ്യലക്ഷ്‍മിയുടെ മരണം മൂന്നുമാസത്തിന് ശേഷമായിരുന്നു. കുട്ടി അവസാനം ചികിൽസയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ സ്‌റ്റേറ്റ് പബ്ളിക് ഹെൽത്ത് ലാബിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്.
ഈവർഷം പേവിഷബാധയേറ്റ് മരിച്ചത് 13 പേരാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ ആറ് മരണങ്ങളും ഏപ്രിലിലാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 102 പേർക്കാണ് പേവിഷബാധമൂലം ജീവൻ നഷ്‌ടമായത്. അതേസമയം, വാക്‌സിൻ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുന്നത്.
Most Read| ഹൂതി ആക്രമണം; ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ