തിരുവനന്തപുരം: നാടും നഗരവും വഴിയോര പാതകളും എല്ലാം തെരുവ് നായകൾ കീഴടക്കിയിരിക്കുകയാണ്. സംസ്‌ഥാനത്ത് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പേവിഷബാധ മൂലം 124 പേർ മരിച്ചതായാണ് റിപ്പോർട്. പേവിഷബാധയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഒമ്പത് വയസുകാരൻ തിങ്കളാഴ്‌ച മരിച്ചിരുന്നു.
സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും ഒടുവിലത്തെ പേവിഷബാധ മരണമാണിത്. 17.39 ലക്ഷം പേർക്ക് ഒമ്പത് വർഷത്തിനിടെ നായ്‌ക്കളുടെ കടിയേറ്റിട്ടുണ്ട്. ആശുപത്രികളിലെ 2016 മുതൽ 24 വരെയുള്ള കണക്കാണിത്. നിയമസഭയിൽ മന്ത്രി എംബി രാജേഷ് നൽകിയ മറുപടിയിലാണ് ഈ കണക്കുള്ളത്.
വർഷം/ മരിച്ചവരുടെ എണ്ണം
2016- 5
2017- 8
2018- 9
2019- 8
2020- 5
2021- 11
2022- 27
2023- 25
2024- 26
ആകെ- 124
നിലവിലെ പ്രവർത്തനങ്ങൾ
പേവിഷബാധ നിയന്ത്രിക്കുന്നതിനായി വളർത്തു നായകളെ വാക്‌സിനേറ്റ് ചെയ്യുന്നതിന് ഉടമകൾക്കും തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുന്നതിന് തദ്ദേശ സ്‌ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്‌ഥാപനങ്ങൾ വാക്‌സിനേഷൻ ഡ്രൈവ് നടത്തിവരുന്നുണ്ട്. തെരുവോരങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ സ്‌ക്വാഡുകൾ രൂപീകരിക്കും. അറവുശാലാ മാലിന്യം അംഗീകൃത ഏജൻസികൾക്കാണ് നൽകുന്നതെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്.
നീക്കിവെച്ചിരിക്കുന്നത് കോടികൾ
പുതിയ സാമ്പത്തിക വർഷത്തിൽ തെരുവുനായ്‌ക്കളുടെ വാക്‌സിനേഷൻ, എബിസി (ആനിമൽ ബെർത്ത് കൺട്രോൾ റൂൾസ്), റാബീസ് ഫ്രീ കേരള തുടങ്ങിയ പരിപാടികൾക്കായി 47.60 കോടി രൂപ തദ്ദേശ സ്‌ഥാപനങ്ങൾ നീക്കിവെച്ചിട്ടുണ്ട്. നായ്‌ക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്.
മൃഗസംരക്ഷണ വകുപ്പും തദ്ദേശവകുപ്പും ചേർന്ന് കർമപദ്ധതി തയ്യാറാക്കും. പോർട്ടബിൾ എബിസി സെന്ററുകൾ സ്‌ഥാപിച്ച് തെരുവുനായ്‌ക്കളുടെ വന്ധ്യംകരണവും പരിഗണയിലുണ്ട്. സംസ്‌ഥാനത്ത് 15 എബിസി കേന്ദ്രങ്ങളാണുള്ളത്. അഞ്ചു സെന്ററുകൾക്കുള്ള സ്‌ഥലം കണ്ടെത്തിയിട്ടുണെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ജനങ്ങളുടെ എതിർപ്പാണ് പ്രധാന കാരണമായി തദ്ദേശവകുപ്പ് പറയുന്നത്. എബിസി സെന്ററിൽ വന്ധ്യംകരണം ചെയ്യാൻ ശീതീകരിച്ച ഓപ്പറേഷൻ തിയേറ്റർ വേണം. പരിചയമുള്ള ഡോക്‌ടറുടെ സേവനം, ശസ്‌ത്രക്രിയ കഴിഞ്ഞാൽ ആറുദിവസം നായക്ക് സംരക്ഷണം. റഫ്രിജറേറ്റർ സൗകര്യം തുടങ്ങിയവ വേണമെന്ന് നിബന്ധനകളിലുണ്ട്. ഈ നിബന്ധനകളിൽ ഇളവ് വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി