ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടൽ ദുരിതം വിതച്ച സ്‌ഥലത്തെ തിരച്ചിലിൽ കാണാതായ നാല് കുട്ടികൾ ഉൾപ്പടെ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബന്ധുവീട്ടിലെ വിവാഹം ആഘോഷിക്കാനെത്തിയ കുരുന്നുകളുടെ കളിചിരികളിലേക്കാണ് ദുരന്തം ഇരച്ചെത്തിയത്. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (7), മകൾ അംന സിയാദ് (7), കല്ലുപുരക്കൽ ഫൈസലിന്റെ മക്കളായ അഫ്‌സാൻ ഫൈസൽ (8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അംന, അഫ്‌സാൻ, അഹിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കണ്ടുനിന്നവർക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു ഹൃദയം നുറുങ്ങുന്ന ഈ കാഴ്‌ച. തൊട്ടിലിൽ ഉറങ്ങുന്ന നിലയിലാണ് ഒരു കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. ഭാര്യയും രണ്ട് മക്കളുമടക്കം ഉറ്റവരായ അഞ്ച് പേരെ നഷ്‌ടമായ സിയാദ് ദുരന്തഭൂമിയിലെ വേദനയുടെ ആഴം കൂട്ടി.
സിയാദിന്റെ ഭാര്യ ഫൗസിയ ദുരന്തത്തിന് മുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് വാട്സാപ് വഴി അയച്ചുകൊടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെയും പൊന്നോമനകളുടെയും ജീവനെടുത്തത്. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുമ്പോൾ ദുരന്തഭൂമിയുടെ സമീപം സിയാദുമുണ്ടായിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് ഭാര്യവീട്ടിൽ എത്തിയ ഫൗസിയയെയും മക്കളായ അമീൻ, അംന സഹോദരന്റെ മക്കളായ അഫ്‌സാന, അഹിയാൻ എന്നിവരെയാണ് സിയാദിന് നഷ്‌ടമായാത്.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ രണ്ടുകുട്ടികൾ പരസ്‌പരം കെട്ടിപ്പിടിച്ച നിലയിലും ഒരു കുഞ്ഞ് തൊട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. ദുരന്തത്തിന് മുൻപ് ഫൗസിയ എടുത്ത വീഡിയോ കാണുമ്പോഴെല്ലാം ഉറ്റവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു സിയാദ്.
മണിമലയാറ്റിൽ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഒൻപത് ആയി. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ ഏഴ് വയസുകാരൻ സച്ചു ഷാഹുലിനായി തിരച്ചിൽ തുടരുകയാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ ആൻസി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയില്ല.
Also Read: കടലാക്രമണത്തിന് സാധ്യത, മൽസ്യബന്ധനം വിലക്കി; 11 ജില്ലകളിൽ യെല്ലോ അലർട്