തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പ് ഉണ്ട്. ഈ മാസം 31വരെ ശക്‌തമായ മഴയ്‌ക്കും ഇടിമിന്നലിനുമാണ് സാധ്യത.
കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ പുലർച്ചെ മുതൽ ശക്‌തമായ മഴയാണ്. ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കടൽ കൂടുതൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ചൊവ്വ രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലക്കാണ് സാധ്യത.
ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങൾക്കും തിരമാല ജാഗ്രതാ മുന്നറിയിപ്പ് നൽകി. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. വടക്കൻ ഛത്തീസ്‌ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തിയുണ്ട്. ഇതിന്റെ ഫലമായിട്ടാണ് സംസ്‌ഥാനത്ത് മഴ സജീവമായത്.
Most Read| പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യക്കായി ആദ്യ മെഡൽ സ്വന്തമാക്കി മനു ഭാകർ