തിരുവനന്തപുരം: ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയില്‍ വന്‍ കുറവെന്ന് കണക്കുകള്‍. 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് ഈ വർഷത്തേതെന്നാണ് ഐഎംഡിയുടെ കണക്കുകള്‍ പറയുന്നത്. പ്രവചിച്ച മഴയില്‍ നിന്ന് 36 ശതമാനം കുറവാണ് ഇക്കുറി ജൂണിൽ ലഭിച്ചത്.
ജൂണ്‍ ഒന്ന് മുതല്‍ 30വരെ പെയ്തത് ശരാശരി 408.4 മില്ലിമീറ്റർ മഴയാണ്, കേരളത്തില്‍ ജൂണില്‍ പ്രതീക്ഷിച്ച ശരാശരി മഴ 643 മില്ലിമീറ്ററും. ഇതിന് മുൻപ് 1983 (322. 8 മില്ലിമീറ്റർ), 2019 (358.5 മില്ലിമീറ്റര്‍) എന്നീ വർഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂൺ മാസത്തിൽ ലഭിച്ചതെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.
എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം (55 ശതമാനം കുറവ് ) പാലക്കാട് (50 ശതമാനം കുറവ് ) എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് ഉണ്ടായത്. ഇന്ത്യയിൽ ഇതുവരെ 182.9 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്.
പ്രവചിച്ചതിലും 10 ശതമാനം അധികമാണ് ഇത്. കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ ഉളള 37 ഇടങ്ങളിൽ 25ലും സാധാരണയോ അതിൽ കൂടുതലോ മഴ ലഭിച്ചു. കേരളം ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ മഴ കുറവാണ് ലഭിച്ചത്.
Read Also: സംസ്ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു








































