വയനാട്: വയനാട്ടിലും കോഴിക്കോടും ശക്‌തമായ മഴ തുടരുന്നു. നദികളിലെ ജലനിരപ്പ് ഉയരുകയും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തു. വയനാട് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെണ്ണിയോട് റോഡ് ഒലിച്ചുപോയി. ഇവിടെ നിന്ന് 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കോഴിക്കോട് ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോഴിക്കോട് താലൂക്കിൽ രണ്ടും വടകര താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. ആകെ 88 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. 60 വീടുകൾ ഭാഗികമായി തകർന്നു. മരംവീണും വെള്ളം കയറിയും ഗതാഗതം തടസപ്പെട്ടു. പെരുവണ്ണാമൂഴി ഡാം ഷട്ടർ തുറന്നു. അതോടെ കുറ്റ്യാടിപ്പുഴയിലേക്ക് വെള്ളം എത്തിത്തുടങ്ങി. പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയുടെ തീരത്ത് വിവിധഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
ശക്‌തമായ കാറ്റിൽ റെയിൽ പാളത്തിലേക്ക് വീണ്ടും മരം വീണ് കോഴിക്കോട് മേഖലയിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാവിലെ 7.45ഓടെയാണ് കോഴിക്കോട് ബേപ്പൂർ മാത്തോട്ടത്ത് പാളത്തിലേക്ക് വീണ്ടും മരം വീണത്. ഷൊർണൂർ ഭാഗത്തേക്കുള്ള പാളത്തിലാണ് മരം വീണത്. 10.5ഓടെ മരം മുറിച്ചുമാറ്റി ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയും ഇതേ സ്‌ഥലത്ത് ട്രാക്കിലേക്ക് മരങ്ങൾ വീണിരുന്നു.
Most Read| രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണം; ഇല്ലെങ്കിൽ അൻവർ മൽസരിക്കും; തൃണമൂൽ