തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരശീല വീഴും. സ്വർണക്കപ്പിനായുള്ള മൽസരം ഫോട്ടോ ഫിനിഷിലേക്ക് എത്തിനിൽക്കുകയാണ്. 965 പോയിന്റുമായി നിലവിൽ തൃശൂർ ജില്ലയാണ് ഒന്നാം സ്‌ഥാനത്തുള്ളത്. 961 പോയിന്റ് വീതം നേടി പാലക്കാടും കണ്ണൂരും രണ്ടാം സ്‌ഥാനത്തുണ്ട്. 959 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.
സ്‌കൂളുകളുടെ വിഭാഗത്തിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ ചാംപ്യൻഷിപ്പ് ഉറപ്പിച്ചു. 166 പോയിന്റുമായി ഒന്നാം സ്‌ഥാനത്ത് നിൽക്കുന്ന ഗുരുകുലത്തിന് എതിരാളികൾ ഇല്ല. രണ്ടാം സ്‌ഥാനത്ത് നിൽക്കുന്ന കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ വഴുതക്കാടിന് 116 പോയിന്റാണുള്ളത്.
ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും. മൽസരങ്ങളെല്ലാം ഉച്ചയ്‌ക്ക് രണ്ടുമണിയോടെ പൂർത്തിയാകുമെന്നും അപ്പീലുകൾ 3.30ന് മുൻപ് തീർപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നടൻമാരായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥികൾ.
മന്ത്രി ജിആർ അനിൽ അധ്യക്ഷത വഹിക്കും. സ്‌പീക്കർ, മറ്റു മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. അവസാന ദിനമായ ഇന്ന് ഹയർ സെക്കണ്ടറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തം. ഹൈസ്‌കൂൾ വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ്, ഹൈസ്‌കൂൾ വിഭാഗം കഥാപ്രസംഗം തുടങ്ങിയ മൽസരങ്ങൾ ഉണ്ട്.
25 വേദികളിലായി നടന്ന 249 മൽസരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർഥികളാണ് പങ്കെടുത്തത്. ചരിത്രത്തിൽ ആദ്യമായി മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നീ തദ്ദേശീയ ഗോത്ര നൃത്തരൂപങ്ങൾ മൽസര വേദികളിലെത്തിയ സംസ്‌ഥാന കലോൽസവമാണിത്.
എട്ട് വർഷങ്ങൾക്ക് ശേഷമാണ് സംസ്‌ഥാന സ്‌കൂൾ കലോൽസവം അനന്തപുരിയിലേക്ക് എത്തുന്നത്. 2016ൽ തിരുവനന്തപുരത്ത് നടന്ന കലോൽസവത്തിൽ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്പ്. കഴിഞ്ഞവർഷം കൊല്ലത്ത് നടന്ന കലോൽസവത്തിൽ കണ്ണൂരായിരുന്നു ജേതാക്കൾ. കോഴിക്കോട് രണ്ടാം സ്‌ഥാനത്തായിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം