തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ മധ്യവേനൽ അവധിയിലേക്ക്. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ളാസ്, പ്ളസ് വൺ പരീക്ഷകൾ നാളെയോടെ അവസാനിക്കും. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ നടക്കും.
പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ വിദ്യാർഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഈ വർഷം ഏർപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകൾ ആഘോഷങ്ങൾ നിരോധിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രധാനാധ്യാപകർക്ക് കിട്ടിയിട്ടുണ്ട്.
എല്ലാ സ്‌കൂൾ പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ കുട്ടികളുടെ സ്‌കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാൽ രക്ഷിതാക്കളെത്തി കുട്ടികളെ ഉടൻ വീട്ടിൽ കൊണ്ടുപോകണമെന്നും നിർദ്ദേശമുണ്ട്.
വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടികൾ പാടില്ലെന്നാണ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം. സ്‌കൂൾ വളപ്പിൽ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിൽ ആയിരുന്നു മന്ത്രിയുടെ നിർദ്ദേശം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികൾ അവബോധം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തിരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































