കോഴിക്കോട്: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സൂംബ, എയ്‌റോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിപ്പിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഇവ പരിശീലിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്‌തമാക്കി.
വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി, ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു. സ്‌കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമമാണെന്നും കുട്ടികൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അൽപ്പവസ്‌ത്രം ധരിക്കാൻ ആരോടും അവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തിൽ രക്ഷിതാക്കൾക്ക് ചോയ്‌സ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വകുപ്പ് നിർദ്ദേശിക്കുന്ന കാര്യം ചെയ്യണം. എന്നാൽ, നിർബന്ധപൂർവം സർക്കാർ കുട്ടികളിൽ ഇത് അടിച്ചേൽപ്പിക്കില്ല. നിർബന്ധമായി ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ആവശ്യമുള്ള കുട്ടികൾക്ക് ചെയ്യാം. അല്ലാത്തവർ സ്‌കൂളിനെ അറിയിച്ചാൽ മതി. എന്നാൽ, സ്‌കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് ചെയ്‌താൽ മതി. വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ ഉൻമേഷവും ആരോഗ്യവും ഉറപ്പ് വരുത്തണമെന്നും മന്ത്രി പ്രതികരിച്ചു. സൂംബ, എയ്‌റോബിക്‌സ്, യോഗ തുടങ്ങിയവ നടപ്പിലാക്കുന്നതിനെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പുള്ള വിവരം മന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാർ ആരുടെയും ജാതിയും മതവും നോക്കിയിട്ടില്ല. ലഘുവസ്‌ത്രത്തെ കുറിച്ച് എങ്ങനെ പറയാൻ തോന്നുന്നുവെന്നും മന്ത്രി ചോദിച്ചു. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്നുവെന്നും അത് വർഗീയത വളർത്താനെ ഉപകരിക്കൂ എന്നും മന്ത്രി വ്യക്‌തമാക്കി. എതിർപ്പ് രാഷ്‌ട്രീയമാണെങ്കിൽ അങ്ങനെ നേരിടുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!