തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടേയും, ജെസി ഡാനിയേൽ പുരസ്കാരത്തിന്റെയും സമർപ്പണം ഇന്ന് നടക്കും. വൈകുന്നേരം 6 മണിയോടെ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും ചടങ്ങുകൾ നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി. അതിന്റെ ഭാഗമായി അവാർഡ് ജേതാക്കൾക്കും, പ്രത്യേക ക്ഷണിതാക്കൾക്കും മാത്രമായിരിക്കും ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം നൽകുക.
ചടങ്ങിന്റെ അധ്യക്ഷത വഹിക്കുന്നത് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനും, ഉൽഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനുമാണ്. അദ്ദേഹം തന്നെയാണ് പുരസ്കാര ജേതാക്കൾക്ക് പുരസ്കാരം സമർപ്പിക്കുന്നതും. കൂടാതെ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, അഡ്വക്കേറ്റ് വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ശശി തരൂർ, സുരേഷ് ഗോപി, വി എസ് ശിവകുമാർ എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, കെടിഡിസി ചെയർമാൻ എം വിജയകുമാർ, സാംസ്കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ പി ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ ഒക്ടോബർ 13ആം തീയതിയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ വർഷത്തെ മികച്ച നടനായി സൂരജ് വെഞ്ഞാറമൂടിനെയും, മികച്ച നടിയായി കനി കുസൃതിയെയും, മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയെയും തിരഞ്ഞെടുത്തു. ഒപ്പം തന്നെ സിനിമാലോകത്തെ സമഗ്ര സംഭവനക്കുള്ള കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെസി ഡാനിയേൽ പുരസ്കാരം നൽകി സംവിധായകൻ ഹരിഹരനെയും ആദരിക്കും.
Read also : കർഷക പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്







































