തിരുവനന്തപുരം: അമേരിക്കയുടെ ശിശുമരണനിരക്കായ 5.6നേക്കാള്‍ കുറവിലേക്ക് കേരളത്തിനെ എത്തിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28ഉം നഗരമേഖലകളില്‍ 19ഉം ആണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്‌തമാക്കുന്നതായും കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക് അഞ്ചായി നിലനിര്‍ത്താന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഇത് ഗ്രാമ-നഗര മേഖലകളില്‍ ഒരുപോലെ ആരോഗ്യസേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ തെളിവാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്‌റ്റം സ്‌റ്റാറ്റിസ്‌റ്റിക്കൽ റിപ്പോർട്ട് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത്. കേരളത്തിന്റെ അഭിമാന നേട്ടത്തിന് ഒപ്പം പ്രവർത്തിച്ച എല്ലാആരോഗ്യ പ്രവർത്തകരോടും സഹപ്രവർത്തകരോടും മന്ത്രി നന്ദി പറഞ്ഞു.
“സംസ്‌ഥാനത്ത് പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും നിലവാരം ഉയർത്തുന്നതിന് നടപടികൾ സ്വീകരിച്ചു. പ്രസവം നടക്കുന്ന സംസ്‌ഥാനത്തെ 16 ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ ഗുണനിലവാര സർട്ടിഫിക്കേഷനും ആറ് ആശുപത്രികൾക്ക് ദേശീയ മുസ്‌കാൻ അംഗീകാരവും ലഭ്യമാക്കി. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. ജൻമനായുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിൽസിക്കുന്നതിനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും സമഗ്ര ന്യൂബോൺ സ്‌ക്രീനിംഗ് പദ്ധതി നടപ്പിലാക്കി.“ -മന്ത്രി പറഞ്ഞു.
“കുഞ്ഞുങ്ങളിൽ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 8450 കുഞ്ഞുങ്ങൾക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കി. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കി. അപൂർവ ജനിതക രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുക വഴി അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഈ നേട്ടം.“ -മന്ത്രി വിശദീകരിച്ചു.

കേരളത്തിൽ നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ മരണനിരക്ക് ഒരുപോലെ കുറയ്ക്കാനായി. കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല. ആദിവാസി, തീരദേശ മേഖലകളിലുൾപ്പെടെ ഈ സർക്കാരിന്റെ കാലത്ത് നവജാത ശിശു തീവ്രപരിചരണ യൂണിറ്റുകൾ സജ്‌ജമാക്കിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങൾ നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
HEALTH | മൊബൈൽ കുട്ടികളിൽ ആത്‍മഹത്യാ ചിന്തകൾ ഉണർത്തും