തിരുവനന്തപുരം: 2026-27 അക്കാദമിക വർഷം മുതൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ 5 വയസാണ് സ്‌കൂൾ പ്രവേശന പ്രായം. ശാസ്‌ത്രീയ പഠനങ്ങളും മറ്റും നിർദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്‌ജമാകുന്നത് ആറുവയസിന് ശേഷമാണ് എന്നാണ്.
അതുകൊണ്ടാണ് വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറുവയസോ അതിന് മുകളിലോ ആക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ളാസ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചോദ്യപേപ്പറുകൾ തയ്യാറാക്കി നൽകുന്നത് ഏറെ രഹസ്യ സ്വഭാവത്തോടുകൂടിയാണ്. ഈ വർഷത്തെ ചോദ്യപേപ്പറുകളിൽ ചില തെറ്റുകൾ സംഭവിച്ചു എന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്‌ച സംഭവിച്ചതെന്ന് മനസിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. പൊതു പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിർത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സമഗ്ര ഗുണമേൻമാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നുമുതൽ 12ആം ക്ളാസ് വരെ പരീക്ഷാ പരിഷ്‌കരണം നടപ്പാക്കും. നിരന്തര മൂല്യനിർണയം, ചോദ്യപേപ്പർ നിർമാണം, പേപ്പറുകളുടെ മൂല്യനിർണയം, ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അധ്യാപകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കൽ എന്നിവയും ഈ വർഷം തന്നെ നടപ്പാക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്‌സിഇആർടി തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ