പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി നഴ്‌സ് രഞ്‌ജിത ആർ നായർ മരിച്ചെന്ന വാർത്ത നടുക്കത്തോടെയാണ് കുടുംബാംഗങ്ങളും നാട്ടുകാരും കേട്ടത്. രഞ്‌ജിതയുടെ അമ്മയും രണ്ട് മക്കളുമാണ് തിരുവല്ല പുല്ലാട്ടെ വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ രഞ്‌ജിത ഉണ്ടായിരുന്നുവെങ്കിലും പരിക്കുകളോടെ ആശുപത്രിയിലാണെന്ന വിവരം കേട്ട് പ്രാർഥനയിലും പ്രതീക്ഷയിലുമായിരുന്നു ഈ കുടുംബം.
എന്നാൽ, ആ പ്രാർഥനകളെല്ലാം വിഫലമായി. പത്തനംതിട്ട കളക്‌ട്രേറ്റിൽ നിന്ന് രഞ്‌ജിതയുടെ മരണം സ്‌ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ബന്ധുക്കൾക്ക് അധികം വൈകാതെ ലഭിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞപ്പോൾ തന്നെ നാട്ടുകാരും ബന്ധുക്കളും രഞ്‌ജിതയുടെ വീട്ടിൽ എത്തിയിരുന്നു. മരണവാർത്ത വീട്ടിൽ അറിയിച്ചതോടെ കൂട്ടനിലവിളി ഉയർന്നു.
വീടിന്റെ അത്താണി ആയിരുന്നു രഞ്‌ജിത. രണ്ടുകുട്ടികളെയും അമ്മയെയും നോക്കിയിരുന്നത് രഞ്‌ജിതയായിരുന്നു. കുട്ടികളും അമ്മയും നാട്ടിലായതുകൊണ്ടുതന്നെ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തന്നെ സ്‌ഥിരതാമസമാക്കാനായിരുന്നു രഞ്‌ജിതയുടെ തീരുമാനം. പഴയ വീടിന് തൊട്ടടുത്തായി പുതിയ വീടും നിർമിക്കുന്നുണ്ട്. എന്നാൽ, പണി തീരും മുമ്പേ ദുരന്തം രഞ്‌ജിതയുടെ ജീവനെടുത്തു.
രഞ്‌ജിതയുടെ മകൻ ഇന്ദുചൂഡൻ പത്താം ക്ളാസിലും മകൾ ഇതിക ഏഴാം ക്ളാസിലുമാണ് പഠിക്കുന്നത്. അമ്മ തുളസിക്കൊപ്പമാണ് ഇവർ. രഞ്‌ജിതയുടെ പിതാവ് ഗോപകുമാരൻ നായർ അഞ്ചുവർഷം മുൻപ് മരിച്ചു. സഹോദരൻ രഞ്‌ജിത്ത് സമീപത്ത് തന്നെയാണ് താമസിക്കുന്നത്.
നാട്ടിലെ സർക്കാർ ആശുപത്രിയിൽ ജോലിയുണ്ടായിരുന്ന രഞ്‌ജിത അഞ്ചുവർഷം ലീവെടുത്താണ് ഒമാനിലേക്ക് പോയത്. ലണ്ടലിൽ ജോലി ലഭിച്ചതോടെ ഒമാനിൽ നിന്ന് നാട്ടിലെത്തിയ രഞ്‌ജിത ലീവ് നീട്ടിയെടുത്താണ് ലണ്ടനിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയിൽ നിന്ന് കണക്ഷൻ ഫ്‌ളൈറ്റിൽ പോകാനായാണ് രഞ്‌ജിത ഹൈദരാബാദിൽ എത്തിയത്. പിന്നാലെയാണ് ദുരന്തം.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി