ഡബ്ലിന്‍: 64 വര്‍ഷം പഴക്കമുള്ള പരസ്യവാചകത്തോട് താത്കാലികമായി വിടപറയുകയാണ് കെ എഫ് സി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ‘ഫിംഗര്‍ ലിക്കിങ് ഗുഡ്’ എന്ന തങ്ങളുടെ പരസ്യവാചകം അനുചിതമാണെന്ന് കണ്ടെത്തിയാണ് നടപടി.
നിലവിലെ സാഹചര്യത്തില്‍ പരസ്യവാചകം അനുയോജ്യമല്ലെന്നും വ്യക്തിഗത ശുചിത്വത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ കാതറിന് ടാന്‍ ഗില്ലെസ്പെ വ്യക്തമാക്കി.
ലോകത്താകമാനം കോവിഡ് പടര്‍ന്നു പിടിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ മുഖാവരണം ധരിക്കാനും കൈകള്‍ കഴുകാനും മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കാനുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെവരുമ്പോള്‍ നിലവിലെ പരസ്യവാചകം ശരിയല്ലെന്നും എന്നാല്‍ അനുയോജ്യമായ സാഹചര്യത്തില്‍ പരസ്യവാചകം തിരികെ കൊണ്ടുവരുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം യുകെയിലും അയര്‍ലണ്ടിലും കെ എഫ് സി പുറത്തിറക്കിയ വീഡിയോയില്‍ ‘ഫിംഗര്‍ ലിക്കിങ് ഗുഡ്’ എന്നത് ബ്ലര്‍ ചെയ്തിട്ടാണ് പ്രദര്‍ശിപ്പിച്ചത്. പരസ്യവാചകത്തിനു പകരമായി ‘ഞങ്ങള്‍ എപ്പോഴും പറയാറുള്ള കാര്യം ഇപ്പോള്‍ അവഗണിക്കുക’ എന്നാണ് കാണിക്കുന്നത്. കോവിഡ് വൈറസില്‍ നിന്നും എല്ലാവരും എത്രയും വേഗം മുക്തി നേടി പരസ്യവാചകം തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.







































