തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനാൽ ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനൊപ്പം ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും നേരിയ വർധനവ് ഉണ്ടായതായി മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിച്ചു. നിലവിൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. പ്രതിരോധത്തിന് മാസ്‌ക് ധരിക്കണം. ഇതര രോഗം ഉള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഗുരുതര രോഗികളുടെ എണ്ണം കൂടിയാൽ നേരിടാനായി മെഡിക്കൽ കോളേജുകൾ ഉൾപ്പടെ ഒരുക്കം തുടങ്ങി. കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഒരാഴ്‌ച സൂക്ഷ്‌മ നിരീക്ഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ക്ളസ്‌റ്ററുകൾ രൂപപ്പെടുന്നുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. കോവിഡ് കേസുകളിൽ ഉണ്ടായ ഉയർച്ച ആനുപാതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയാൽ ഐസിയു, വെന്റിലേറ്റർ ആവശ്യമുള്ള രോഗികളും കൂടുമെന്നത് കൊണ്ടാണ് മെഡിക്കൽ കോളേജുകൾ ഉൾപ്പടെ സർജ് പ്ളാൻ ഇതിനോടകം തയ്യാറാക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് പുതിയ വകഭേദം ഉണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കാനും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. അതേസമയം, ഇന്നലെ മരണ നിരക്കിൽ വന്ന പിഴവിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവിച്ചത് ക്ളിറിക്കൽ പിഴവാണ്. അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: കെട്ടിട നിർമാണ പെർമിറ്റ് ഫീസ്; ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കും- എംബി രാജേഷ്