തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 1,801 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കേസുകൾ കൂടുതൽ. ജനിതക പരിശോധനക്ക് അയച്ച ഫലങ്ങളിൽ കൂടുതലും ഒമൈക്രോൺ വകഭേദമാണ് സ്‌ഥിരീകരിക്കുന്നതെന്നും പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിലവിൽ ആകെ രോഗികളിൽ 0.8 ശതമാനം പേർക്കാണ് ഓക്‌സിജൻ കിടക്കകളും 1.2 ശതമാനം പേർക്കാണ് ഐസിയു കിടക്കകളും ആവശ്യമായി വന്നത്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം സംസ്‌ഥാനത്തെ ആശുപത്രികളിൽ 10, 11 തീയതികളിൽ മോക്ക്ഡ്രിൽ നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.
എല്ലാ ജില്ലകളിലും കൃത്യമായി കോവിഡ് അവലോകനങ്ങൾ തുടരണം. രോഗികൾ കൂടുന്നത് മുന്നിൽ കണ്ടു ആശുപത്രികൾ സർജ് പ്ളാൻ അനുസരിച്ചു സജ്‌ജീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം. കെയർ ഹോമുകളിലും ഉള്ളവർ, കിടപ്പ് രോഗികൾ, ട്രൈബൽ മേഖലയിൽ ഉള്ളവർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ബന്ധപ്പെടുന്ന ജീവനക്കാർ എൻ 95 മാസ്‌ക് ധരിക്കണം. അവർക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തണം. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനയും ചികിൽസയും ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി നിർദ്ദേശം നൽകി.
കോവിഡ് മരണങ്ങൾ കൂടുതലും റിപ്പോർട് ചെയ്യുന്നത് 60 വയസിന് മുകളിൽ പ്രായം ഉള്ളവരിലും പ്രമേഹം, രക്‌തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളും ഉള്ളവരിലാണ്. 60 വയസിന് മുകളിൽ ഉള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോർട് ചെയ്‌തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളവരിലാണ്. വീട്ടിൽ നിന്നും പുറത്തു പോകാത്ത അഞ്ചു പേർക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ, കിടപ്പുരോഗികൾ, പ്രായമായവർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ഗർഭിണികളും കുട്ടികളും മാസ്‌ക് ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്‌ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ, കെഎംഎസ്‌സിഎൽ എംഡി, ജനറൽ മാനേജർ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടർമാർ, ഡെപ്യൂട്ടി ഡയറക്‌ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Most Read: അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ; കെ സുധാകരൻ