തുടർച്ചയായി 24 വർഷം; അന്തേവാസികൾക്ക് വിനോദയാത്ര ഒരുക്കി അധ്യാപക ദമ്പതികൾ

പറപ്പൂർ ചിറ്റിലപ്പിള്ളി വീട്ടിലെ അധ്യാപക ദമ്പതികളായ സാന്റി ഡേവിഡും ഭാര്യ ലിജിയുമാണ് തങ്ങളുടെ ഒരു മാസത്തെ ശമ്പളംമാറ്റിവെച്ചു അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് വിനോദയാത്ര ഒരുക്കുന്നത്.

By Trainee Reporter, Malabar News
santi devid
സാന്റി ഡേവിഡ്
Ajwa Travels

പറപ്പൂർ ചിറ്റിലപ്പിള്ളി വീട്ടിലെ അധ്യാപക ദമ്പതികളായ സാന്റി ഡേവിഡും ഭാര്യ ലിജിയും തങ്ങളുടെ ഒരു മാസത്തെ ശമ്പളം വിനോദയാത്രക്കായി മാറ്റിവെക്കാറുണ്ട്. 24 വർഷത്തിനിടയിൽ ഒരിക്കൽ പോലും മുടങ്ങാത്ത ആ യാത്രകളിൽ ഇവർ ഒറ്റക്കല്ല. ഏതെങ്കിലുമൊരു അനാഥ മന്ദിരത്തിലെ കുട്ടികളും വയോധികരുമെല്ലാം ഉൾപ്പെടുന്ന സംഘത്തോടൊപ്പമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവരുടെ യാത്രകൾ.

പുല്ലഴി ക്രിസ്‌റ്റീന ഹോമിലെ അന്തേവാസികൾക്കാണ് ഡേവിഡും ലിജിയും ഇത്തവണ വിനോദയാത്ര ഒരുക്കിയത്. വയറുനിറച്ച് സ്‌നേഹമൂട്ടി, സമ്മാനപ്പൊതികൾ പങ്കുവെച്ചും പരസ്‌പരം സ്‌നേഹ സംഭാഷണങ്ങളിൽ ഏർപ്പെട്ടും തുടരുന്ന ഇവരുടെ യാത്ര 24ആം വർഷത്തിൽ എത്തിനിൽക്കുകയാണ്.

1997ൽ തൃശൂർ ജില്ലയിലെ എടക്കഴിയൂർ സീതി സാഹിബ് ഹൈസ്‌കൂളിൽ ജോലിയിൽ പ്രവേശിച്ച ചിറ്റിലപ്പിള്ളി സ്വദേശി സാന്റി ഡേവിഡിന് ആദ്യ ശമ്പളം ലഭിച്ചത് 2000ത്തിലാണ്. ചുണ്ടൽ എൽഐജി എച്ച്‌എസ് അധ്യാപികയായ ലിജി, സാന്റിയുടെ ജീവിതപങ്കാളിയായതും ആ വർഷം തന്നെയാണ്. ആദ്യ ശമ്പളം കിട്ടിയ സന്തോഷം പങ്കുവെയ്‌ക്കാൻ പലഹാരങ്ങളുമായി മനക്കൊടി സാവിയോ കോൺവെന്റിലുള്ള അമ്മായി സിസ്‌റ്റർ ലീനറ്റിനെ കാണാൻ പോയതായിരുന്നു സാന്റി.

എന്നാൽ, പലഹാരം മാത്രം പോരാ, അവിടെയുള്ള അന്തേവാസികളെയും കൊണ്ട് ഒരു യാത്ര പോകണമെന്നും അമ്മായി ആവശ്യപ്പെട്ടതോടെയാണ് സാന്റി മാഷ് അഗതികൾക്കായി ആദ്യത്തെ യാത്ര സംഘടിപ്പിച്ചത്. തുടർന്നിങ്ങോട്ട് എല്ലാ വർഷവും ഇരുവരെയുടെയും ഒരുമാസത്തെ ശമ്പളം ഉപയോഗിച്ച് വിവിധ മന്ദിരങ്ങളിലെ അഗതികൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് വരികയാണ്.

ഒരു ദിവസം രാവിലെ തുടങ്ങി വൈകിട്ടോടെ അവസാനിക്കുന്ന യാത്രകളാണ് നടത്താറുള്ളത്. ബസ് ചാർജും ഭക്ഷണവും ഉൾപ്പടെ മുഴുവൻ ചിലവും സാന്റിയും ലിജിയും വഹിക്കും. ഇത്തവണ പുല്ലഴി ക്രിസ്‌റ്റീന ഹോമിലെ അന്തേവാസികൾക്കാണ് യാത്ര ഒരുക്കിയത്. ചാവക്കാട് മാട്ടുമ്മലിലെ നാലുമണിക്കാറ്റ് പാർക്ക്, ഗുരുവായൂർ ആനക്കോട്ട, പാലയൂർ പള്ളി, പഞ്ചവടിയിലെ മറൈൻ വേൾഡ്, ബീച്ച് എന്നിവിടങ്ങളാണ് സന്ദർശിച്ചത്.

2000 മുതൽ തുടങ്ങിയ ഈ പുണ്യപ്രവൃത്തി ഇതുവരെ മുടങ്ങിയിട്ടില്ലെന്ന അതിയായ സന്തോഷമാണ് സാന്റിയും ലിജിയും പങ്കുവെക്കുന്നത്. മക്കളായ ഷാരോണും സാന്ദ്രയും സിയോണും അച്ഛനമ്മമാരുടെ ഈ നൻമ നിറഞ്ഞ പ്രവൃത്തിക്ക് പിന്തുണയുമായി കൂടെയുണ്ട്.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE