കൊച്ചി: ഹൃദയഹാരിയായ ഒരു കഥയാണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്‌റ്റേഷനിൽ നിന്നും പുറത്തുവന്നത്. വെറും നാല് മാസം പ്രായമായ കുരുന്ന്, പെറ്റമ്മയുടെ അസാന്നിധ്യത്തിൽ വിശന്നു കരഞ്ഞപ്പോൾ, ഒരമ്മയുടെ വേവലാതിയോടെ കരുതലോടെ ആ കുഞ്ഞിന്റെ വിശപ്പടക്കിയ ആര്യ എന്ന പൊലീസുകാരി മാതൃത്വത്തിന്റെ വേറിട്ടൊരു നവ്യാനുഭവമാവുകയാണ് ഇവിടെ.
ഇന്നലെയാണ് അതിഥി തൊഴിലാളികളായ പട്‌ന സ്വദേശികളുടെ നാല് മക്കൾ കൊച്ചി സിറ്റി വനിതാ പോലീസ് സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി എത്തിയത്. ഇവരുടെ മാതാവിനെ ശ്വാസം മുട്ടലിനെ തുടർന്ന്ആ ശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചതോടെയാണ് കുട്ടികളുടെ താൽക്കാലിക സംരക്ഷണ ചുമതല വനിതാ പോലീസുകാർ ഏറ്റെടുത്തത്. കുട്ടികളുടെ അച്ഛൻ ജയിലിലാണ്.
ആശുപത്രി അധികൃതർ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് എസ്‌ഐ ആനി ശിവയുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ഏറ്റെടുത്തത്. പിന്നാലെ കൊച്ചി സിറ്റി വനിതാ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. വിശന്നു വലഞ്ഞ മറ്റു മൂന്ന് കുട്ടികൾക്കും പോലീസ് ഉദ്യോഗസ്‌ഥർ ആഹാരം വാങ്ങി നൽകുകയും ചെയ്‌തു.
എന്നാൽ കുറച്ചു സമയത്തിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞു നിർത്താതെ കരയാൻ തുടങ്ങി. കുഞ്ഞിന്റെ വിശപ്പടക്കാൻ എന്ത് നൽകണമെന്നറിയാതെ ഉദ്യോഗസ്‌ഥരും ആകെ വിഷമത്തിലായി. എന്നാൽ, കുഞ്ഞിന്റെ കരച്ചിൽ ആര്യക്ക് കേട്ടിരിക്കാനായില്ല. ഒമ്പത് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ മുഖമാണ് ആ നിമിഷം ആര്യയുടെ മനസിലേക്ക് തെളിഞ്ഞുവന്നത്. ഉടനെ ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് ആര്യ മുലയൂട്ടി.
സ്വന്തം അമ്മയല്ലെന്ന് പോലും അറിയാതെ ആ കുഞ്ഞു ആര്യയുടെ മാതൃ സ്‌നേഹം നുണഞ്ഞുറങ്ങുമ്പോൾ ഒരു സ്‌നേഹ പ്രപഞ്ചം തന്നെ അവിടെയുണ്ടായി. വിശപ്പടങ്ങിയ കുഞ്ഞു ആര്യയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്നത് കണ്ട പോലീസ് സ്‌റ്റേഷനിലെ മറ്റു അമ്മമാരും ആത്‌മ നിർവൃതിയിലായി. കൊച്ചി സിറ്റി വനിതാ സ്‌റ്റേഷനിലെ സിപിഒ ഉദ്യോഗസ്‌ഥയാണ് വൈക്കം സ്വദേശിനിയായ എംഎ ആര്യ.
പ്രസവാവധി കഴിഞ്ഞു മൂന്ന് മാസം മുമ്പാണ് ആര്യ തിരികെ ജോലിയിൽ പ്രവേശിച്ചത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞാണ് ആര്യക്കുള്ളത്. അതേസമയം, സ്‌റ്റേഷനിലുള്ള കുട്ടികളെ പിന്നീട് ശിശുഭവനിലേക്ക് മാറ്റി. വിശന്നു കരഞ്ഞ കുഞ്ഞിന് മുലപ്പാൽ നൽകിയ പോലീസുകാരിയുടെ മാതൃസ്‌നേഹം വിവരിച്ചു മന്ത്രി വി ശിവൻകുട്ടി സാമൂഹിക മാദ്ധ്യമത്തിൽ കുറിപ്പിട്ടു. ‘എറണാകുളത്ത് നിന്നൊരു സ്‌നേഹ വാർത്ത’ എന്ന തലക്കെട്ടോടെയാണ് മന്ത്രി വിവരം പങ്കുവെച്ചത്.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം