തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആർക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്ത് നിലവിൽ 1033 കോവിഡ് ബാധിതരുണ്ട്.
2020 മെയ് ഏഴിനായിരുന്നു ഇതിന് മുൻപ് കോവിഡ് കണക്കുകൾ പൂജ്യത്തിലെത്തിയത്. ജൂലൈ ഒന്നാം തീയതി 12 പേർക്കും രണ്ടിന് മൂന്ന് പേർക്കും മൂന്നാം തീയതി ഏഴ് പേർക്കും പോസിറ്റീവ് ആയിരുന്നു. നാലിന് ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ 50ൽ താഴെ പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. അഞ്ചാം തീയതിയിലെ കണക്കനുസരിച്ചു 45 പേർക്ക് പോസിറ്റീവായി.
അതിനിടെ, സംസ്ഥാനത്ത് പനി ബാധിച്ചു ചികിൽസ തേടുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. ഇന്നലെ 11,418 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിൽസ തേടിയത്. 127 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 298 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. 11 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 15 പേർ നിരീക്ഷണത്തിലുമുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. 2164 പേരാണ് ഇന്നലെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത്.
Most Read: ഏക സിവിൽ കോഡ് കൺവെൻഷൻ; ലീഗിനെ ക്ഷണിച്ചതിൽ രാഷ്ട്രീയമില്ല; എംവി ഗോവിന്ദൻ