തിരുവനന്തപുരം: സംസ്‌ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കുമെന്ന് മന്ത്രി എംബി രാജേഷ്. എത്ര വർധനവ് ഉണ്ടാകുമെന്ന് തീരുമാനമായിട്ടില്ല. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട നിർമാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്‌ഥാനത്തിലാകും അനുമതി നൽകുന്നത്. പല തലങ്ങളിലുമുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാൻ കഴിയും. അഴിമതി ഇല്ലാതാക്കാമെന്നും മന്ത്രി പറഞ്ഞു.
കെട്ടിട ഉദ്യോഗസ്‌ഥരുടെയും, കെട്ടിട പ്ളാൻ തയ്യാറാക്കുകയും സൂപ്പർവൈസ് ചെയ്യുന്നതുമായ ലൈസൻസി/ എംപാനൽഡ് എഞ്ചിനിയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്‌ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്‌റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. തീരദേശ പരിപാലന നിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിട നിർമാണമെന്നും, കെട്ടിടനിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുള്ള സത്യാവാങ്‌മൂലവും അപേക്ഷയിൽ നൽകണം.
വിവരങ്ങൾ പൂർണമായും യാഥാർഥ്യം ആണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കൂ. യഥാർഥ വസ്‌തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ, സ്വന്തം ചിലവിൽ കെട്ടിടം പൊളിച്ചുനീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നി നടപടികളും ഉണ്ടാകും. അടുത്ത ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിക്കും. ഏപ്രിൽ ഒന്ന് മുതൽ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്‌തുനികുതി അഞ്ചു ശതമാനം വർധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനോടകം നിയമസഭ പാസാക്കിയിട്ടുണ്ട്.
അടുത്ത വർഷം മുതൽ നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പുതിയ നിരക്ക് ബാധകമായിരിക്കും. ഇതോടൊപ്പം അർഹത ഉള്ളവർക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റർ വരെ ബിപിഎൽ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് വസ്‌തു നികുതി അടക്കേണ്ടതില്ല. ഈ ഇളവ് ഫ്‌ളാറ്റുകൾക്ക് ബാധകമല്ലെന്നും മന്ത്രി അറിയിച്ചു.
Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ- കോടതിയിൽ ജാമ്യം