വൻകിട തോട്ടം ഉടമകൾക്ക് ഏർപ്പെടുത്തിയ നികുതി ഇളവ് പ്രാബല്യത്തിൽ

റബ്ബർ, തേയില, കാപ്പി, ഏലം, ഉൾപ്പടെയുള്ള തോട്ട വിളകൾക്ക് ഹെക്‌ടറിന് 700 രൂപയായിരുന്നു സംസ്‌ഥാനം തോട്ടം നികുതിയായി ഈടാക്കിയിരുന്നത്. മറ്റൊരു സംസ്‌ഥാനത്തും ഇല്ലാത്ത നികുതിയെന്ന പേരിലായിരുന്നു തോട്ടം നികുതി പിൻവലിക്കാനുള്ള തീരുമാനം.

By Trainee Reporter, Malabar News
major plantation tax in kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചതോടെയാണ് ഇളവ് പ്രാബല്യത്തിൽ വന്നത്. മേഖലയിലെ പ്രതിസന്ധി കാരണമാണ് തോട്ടം നികുതിയും കാർഷിക ആദായ നികുതിയും വേണ്ടെന്നു വെച്ചതെന്നാണ് സർക്കാർ വാദം.

തോട്ടം മേഖല ആകെ നഷ്‌ടത്തിലായ ഉടമകളുടെ വാദം അതേപടി അംഗീകരിച്ചായിരുന്നു തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിർമാണം നടത്താൻ പിണറായി സർക്കാർ 2018ൽ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബില്ലാണ് ഗവർണർ അടുത്തിടെ ഒപ്പുവെച്ചത്. ഇതിനു പുറമെ തോട്ടം ഉടമകൾക്കായി മറ്റു രണ്ടു പ്രധാന ഇളവുകൾ കൂടി സർക്കാർ അന്ന് പ്രഖ്യാപിച്ചിരുന്നു.

കാർഷികാദായ നികുതിയിൽ മൊറട്ടോറിയം ഏർപ്പെടുത്തിയതായിരുന്നു ഒന്ന്. തോട്ടങ്ങളിൽ നിന്ന് മുറിക്കുന്ന റബ്ബർ മരങ്ങൾക്ക് പണം അടയ്‌ക്കണമെന്ന സിനിയറേജ് വ്യവസ്‌ഥ റദ്ദ് ചെയ്‌തതായിരുന്നു മറ്റൊന്ന്. റബ്ബർ, തേയില, കാപ്പി, ഏലം, ഉൾപ്പടെയുള്ള തോട്ട വിളകൾക്ക് ഹെക്‌ടറിന് 700 രൂപയായിരുന്നു സംസ്‌ഥാനം തോട്ടം നികുതിയായി ഈടാക്കിയിരുന്നത്. മറ്റൊരു സംസ്‌ഥാനത്തും ഇല്ലാത്ത നികുതിയെന്ന പേരിലായിരുന്നു തോട്ടം നികുതി പിൻവലിക്കാനുള്ള തീരുമാനം.

തോട്ടം മേഖലയുടെ പുനരുദ്ധാരണം സംബന്ധിച്ച് ജസ്‌റ്റിസ്‌ എൻ കൃഷ്‌ണൻ നായർ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട് പ്രകാരമായിരുന്നു നടപടി. എന്നാൽ, ഇതേ കമ്മീഷന്റെ നിർദ്ദേശപ്രകാരം തോട്ടങ്ങളിലെ തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്താനും സർക്കാർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമിക്കുമെന്നായിരുന്നു ബിൽ അവതരിപ്പിക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ്.

എന്നാൽ, നികുതി ഇളവുകളും നേട്ടങ്ങളുമെല്ലാം ഉടമകളുടെ കൈകളിൽ എത്തിയിട്ടും, തൊഴിലാളികളുടെ ദുരിതജീവിതത്തിന് മാത്രം ഇതുവരെ ഒരു മാറ്റവുമില്ല. അതേസമയം, പൊതുജനത്തിന് മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന പ്രഖ്യാപനങ്ങൾക്കിടെ, വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവിൽ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

കേരളത്തിന് മുന്നോട്ട് പോകാൻ ചില നികുതി പരിഷ്‌കാരങ്ങൾ അനിവാര്യമാണെന്ന് പറഞ്ഞ സർക്കാർ, കുടിവെള്ളം മുതൽ ഇന്ധനം വരെയുള്ളവയുടെ വില വർധിപ്പിച്ചു. എന്നാൽ, ആയിരക്കണക്കിന് ഏക്കർ ഭൂമി കൈവശം വെയ്‌ക്കുന്ന വൻകിട തോട്ടം ഉടമകളോട് കാട്ടുന്ന കാരുണ്യം കാണാതെ പോകാനാകില്ലെന്നാണ് ആക്ഷേപങ്ങൾ ഉയരുന്നത്. വരും ദിവസങ്ങളിൽ വിഷയത്തിൽ സംസ്‌ഥാനത്ത്‌ വൻ പ്രതിഷേധങ്ങൾ നടക്കാനാണ് സാധ്യത.

Most Read: ‘ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കാം’; ഇ-ഹെൽത്ത് സംവിധാനം സജ്‌ജമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE