ചൈനയിലെ കോവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാന താവളങ്ങളിൽ പരിശോധന തുടങ്ങി

മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും രോഗം ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

By Trainee Reporter, Malabar News
covid
Representational Image
Ajwa Travels

ന്യൂഡെൽഹി: ചൈനയിൽ സ്‌ഥിരീകരിച്ച കോവിഡ് ഉപവകഭേദം ഇന്ത്യയിലും സ്‌ഥിരീകരിച്ചു. കോവിഡ് ഒമൈക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്‌. ഗുജറാത്തിലെ രണ്ടു രോഗികൾക്കും ഒഡിഷയിൽ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുച്ചാട്ടം ഉണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ ബിഎഫ്7 വകഭേദം ആണെന്ന് കണ്ടെത്തിയിരുന്നു.

അതിനിടെ, രാജ്യത്തെ കോവിഡ് സാഹചര്യം കേന്ദ്രം ഇന്ന് അവലോകനം ചെയ്‌തു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കോവിഡിനെതിരെ പൂർണ സജ്‌ജരാകാനും നിരീക്ഷണം ശക്‌തമാക്കാനും ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകി. കോവിഡ് ജാഗ്രത ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു.

അന്താരാഷ്‌ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. അതിനിടെ, കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനും കേന്ദ്രമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിലായിരുന്നു നിർദ്ദേശം.

സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനം ശക്‌തിപ്പെടുത്താൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. പുതിയ വകഭേദങ്ങൾ കണ്ടെത്താനാണിത്. ഇതിനായി എല്ലാ കോവിഡ് 19 കേസുകളുടെയും സാമ്പിളുകൾ ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ദിവസേന അയക്കണം.

2022 ഡിസംബർ 19ന് അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തെ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം 158 ആയി കുറഞ്ഞിട്ടുണ്ട്. ഒന്നര മാസത്തിനിടെ ആഗോള പ്രതിദിന ശരാശരി വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. 2022 ഡിസംബർ 19ന് അവസാനിച്ച ആഴ്‌ചയിൽ ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകൾ വരെ റിപ്പോർട് ചെയ്യപ്പെട്ടു.

അതേസമയം, മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും രോഗം ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കേണ്ടതാണ്. കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന, എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. ചികിൽസ തേടണം. കോവിഡ് രോഗലക്ഷണം ഉള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കകൾ ഇല്ല. ആവശ്യമെങ്കിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്ന് വൈകിട്ട് റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ല. പനി ബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Most Read: ബഫർ സോൺ; പരാതികൾ അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE