തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ആശുപത്രികളും ജില്ലകളും സർജ് പ്ളാൻ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആശുപത്രി സജ്‌ജീകരണങ്ങൾക്കായാണ് സർജ് പ്ളാൻ തയ്യാറാക്കേണ്ടത്.
കൂടുതൽ ഐസിയു, വെന്റിലേറ്റർ മറ്റു സംവിധാനങ്ങൾ എന്നിവ കോവിഡ് പരിചരണത്തിനായി മാറ്റിവെക്കാനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. പൊതുസ്‌ഥലങ്ങളിലും ആശുപത്രികളിലും നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും കുട്ടികളും ഗർഭിണികളും മറ്റു രോഗം ഉള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്‌ഥാനത്ത് പുതിയ വകഭേദം ഉണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കാനും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. ഇന്നലെ 210 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. അതേസമയം, കോവിഡ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞദിവസം മുതിർന്ന ഉദ്യോഗസ്‌ഥരുമായി പ്രധാനമന്ത്രി ഉന്നതതല യോഗം ചേർന്നിരുന്നു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും, പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും, സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ടെസ്‌റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ, മരുന്ന് ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും അധികൃതർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.
കോവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്‌തമാക്കണം. പോസിറ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം. ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്‌ജമെന്ന് ഉറപ്പാക്കണം. ഇതിനായി മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയിൽ നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട് ചെയ്‌തത്. 1134 കേസുകളാണ് പുതുതായി റിപ്പോർട് ചെയ്‌തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7026 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.