മലപ്പുറം: ജില്ലയിലെ ആദ്യ സമ്പൂർണ സ്ട്രീം ഓഡിറ്റിനും പ്രാദേശിക വാട്ടർ അറ്റ്‌ലസ് നിർമാണ പദ്ധതിക്കും തുടക്കം കുറിച്ച് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. ലോക ജലദിനമായ ഇന്ന് ഡ്രോൺ സർവേക്കും തുടക്കമായി. പുറങ്ങ് കരേക്കാട് സ്‌കൂളിന് സമീപം മഠത്തിൽതോട്ടിലാണ് ജിപിഎസ് ഡ്രോൺ സർവേക്ക് തുടക്കമായത്.
സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത്, ആ പഞ്ചായത്തിലെ മുഴുവൻ നീർച്ചാലുകളും ഓഡിറ്റിങ് നടത്തി വാട്ടർ അറ്റ്‌ലസ് രൂപീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പഞ്ചായത്തിലെ നിലവിലെ തോടുകളുടെയും നീർച്ചാലുകളുടെയും തൽസ്‌ഥിതി വിവര കണക്കുകൾ ശേഖരിച്ച് ഒരു കരട് സ്‌ട്രീം റിപ്പോർട് തയ്യാറാക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതിനായി, ശാസ്‌ത്രീയവും സാങ്കേതികവുമായ വിവിധതരം സർവേകളിലൂടെ പഞ്ചായത്തിലെ നിലവിലെ തോടുകളുടെയും നീർച്ചാലുകളുടെയും വിവരങ്ങൾ ശേഖരിക്കും.
തുടർന്ന്, തോടുകളുടെ നീളം, വീതി, ആഴം, വൃഷ്‌ടി പ്രദേശം, പുഴത്തടം എന്നിവ ജിപിഎസ് ഡ്രോൺ സർവേ, സാറ്റ്‌ലൈറ്റ് സർവേ, കെടസ്ട്രൽ സർവേ, ഡിജിറ്റൽ ടോപ്പോഷീറ്റ് സർവേ, ജിയോഗ്രഫിക്കൽ ഹിസ്‌റ്ററി മാപ്പിങ് എന്നിവ നടത്തി പൂർണമായ സ്‌ട്രീം ഓഡിറ്റ് റിപ്പോർട് തയ്യാറാക്കും. പിന്നാലെ, ജിഐഎസ് മാപ്പിങ് വഴി സമ്പൂർണ ജലവിഭവ നിർമാണം കൂടി നടത്തിയാണ് വാട്ടർ അറ്റ്ലസ് നിർമാണം പൂർത്തിയാക്കുക.
സംസ്‌ഥാന സർക്കാരിന്റെ നവകേരളം കർമ പദ്ധതിയായ ‘തെളിനീരൊഴുക്കും നീരുറവ’, ശുചിത്വ മിഷന്റെ ‘ഇനി ഞാനൊഴുകട്ടെ’, ഹരിതമിഷന്റെ ‘നീരുറവ്’ തുടങ്ങിയ പദ്ധതികളുടെ ചുവടുപിടിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സെന്റർ ഫോർ സസ്‌റ്റൈയ്‌നബിൾ റൂറൽ ഡെവലപ്മെന്റ് ആൻഡ് ഇക്കോളജിക്കൽ റസ്‌റ്റൊവേഷൻ (CSRDER) ആണ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത്.
പദ്ധതിയുടെ ഭാഗമായി മുഴുവൻ വാർഡുകളിലും നടക്കുന്ന ഡ്രോൺ സർവേയുടെ ഉൽഘാടനം ഇന്ന് നടന്നു. പുറങ്ങ് മഠത്തിൽതോട് വിസിബിക്ക് സമീപം നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്‌ദുൽ അസീസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ബീന ഉൽഘാടനം ചെയ്‌തു. സിഎസ്‌ഡിഇആർ പ്രോജക്‌ട് കോർഡിനേറ്റർ ജമാൽ പനമ്പാട് പദ്ധതി വിശദീകരണം നടത്തി. ‘ആസൂത്രണ രീതിയിൽ പദ്ധതി പൂർത്തിയാക്കുമ്പോൾ ജല-ജൈവവൈവിധ്യ പദ്ധതികൾക്ക് നിരവധി മാതൃകകൾ സമ്മാനിച്ച മാറഞ്ചേരിയുടെ മറ്റൊരു മാതൃകാ പ്രവർത്തനമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്’ പ്രസിഡണ്ട് ബീന ഉൽഘാടന വേളയിൽ പറഞ്ഞു.
Most Read: മോദി വിരുദ്ധ പോസ്‌റ്റർ; ഡെൽഹിയിൽ 100 പേർക്കെതിരെ കേസ്- ആറുപേർ അറസ്‌റ്റിൽ