രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ തന്നെ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്ന രോഗമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്‌ഥയാണിത്. ഉയർന്ന തോതിലുള്ള കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന അളവിൽ കൊളസ്‌ട്രോൾ, മദ്യപാനം എന്നിവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്.
ഫാറ്റി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്‌ഥ ഉണ്ടാകണമെന്നില്ല. എന്നാൽ, ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. ഇത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്കും നയിക്കും. രോഗം പുരോഗമിക്കുമ്പോഴാണ് പലരിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.
രോഗം മൂർച്ഛിക്കുമ്പോൾ ചർമത്തിൽ മഞ്ഞനിറം ഉണ്ടാകാം. കരളിന്റെ പ്രവർത്തനം താറുമാറാകുമ്പോൾ ബിലിറൂബിൻ അമിതമായി ചർമത്തിന് താഴെ അടിഞ്ഞുകൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. അടിവയറ്റിലെ വീക്കം, വീർത്ത വയർ എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങൾ.
ചിലരിൽ വയറുവേദനയും മനംമറിച്ചിലും ഫാറ്റി ലിവറിന്റെ ഭാഗമായി ഉണ്ടാകാം. വയറിന്റെ വലതു വശത്ത് മുകളിലായാണ് സാധാരണ വേദന ഉണ്ടാവുക. രക്‌തസ്രാവം ആണ് ചിലരിൽ കാണുന്ന മറ്റൊരു ലക്ഷണം. രക്‌തം കട്ടപിടിച്ച സഹായിക്കുന്ന പ്രോട്ടീനുകൾ കരളിന് ആവശ്യത്തിന് ഉൽപ്പാദിപ്പിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം.
ഫാറ്റി ലിവർ കുറയ്‌ക്കാം; ശ്രദ്ധിക്കാം ഇവയൊക്കെ
1. റെഡ് മീറ്റ്, ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. റെഡ് മീറ്റിലെയും മറ്റും കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കാതിരിക്കുകയാണ് കരളിന്റെ ആരോഗ്യത്തിന് നല്ലത്. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.
2. ചോക്ളേറ്റ്, ഐസ്‌ക്രീം, മിഠായികൾ പോലുള്ള പഞ്ചസാരയുടെ അമിത ഉപയോഗമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉപ്പ് അധികം കഴിക്കുന്നതും ഒഴിവാക്കുക. ബിപി ശരിയായ തോതിൽ നിയന്ത്രിച്ച് നിർത്താനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഉപ്പിന്റെ അളവ് കുറയ്‌ക്കുന്നതാണ് നല്ലത്.
3. മദ്യപാനം പൂർണമായി ഒഴിവാക്കുക. ശരീരഭാരം കൂടാതെ ശ്രദ്ധിക്കുകയും വേണം. അമിത വണ്ണം ഉള്ളവരിൽ ഫാറ്റി ലിവർ സാധ്യത കൂടുതലാണ്.
4. വ്യായാമം ശീലമാക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്‌ക്കിടയ്‌ക്ക് സീറ്റിൽ നിന്ന് എഴുന്നേറ്റ് കുറച്ചു മിനിറ്റെങ്കിലും നടക്കുക.
5. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ മതിയായ ഉറക്കം ലഭിക്കുന്നത് ഫാറ്റി ലിവർ സാധ്യത കുറയ്‌ക്കാൻ വളരെയധികം സഹായിക്കും. സ്ട്രെസ് കുറയ്‌ക്കാനുള്ള യോഗ പോലെയുള്ളവയും സ്വീകരിക്കുക.
Most Read: മോദി വിരുദ്ധ പോസ്‌റ്റർ; ഡെൽഹിയിൽ 100 പേർക്കെതിരെ കേസ്- ആറുപേർ അറസ്‌റ്റിൽ